
കോട്ടയം:മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും അപകടം.സിമന്റ് പാളി അടർന്നുവീണ് യുവാവിന് പരിക്ക്. മെഡിസിൻ ബ്ലോക്കിലെ മൂന്നാം നിലയിലെ ന്യൂറോ സർജറി വിഭാഗത്തിനു സമീപത്തെ പടിക്കെട്ടിനു മുകൾ ഭാഗത്തെ പ്ലാസ്റ്ററിങ്ങിന്റെ ഭാഗമാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ന് അടർന്നു വീണത്.
പടിക്കെട്ടിൽ വിശ്രമിക്കുകയായിരുന്ന പത്തനംതിട്ട കുന്നന്താനം പാണ്ഡ്യൻപറമ്പ് വീട്ടിൽ സുരേഷ് കുമാറിന്റെ (47) ശരീരത്തിലാണ് അടർന്ന സിമന്റ് ഭാഗം വീണത്.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയ സുരേഷിനു പരുക്കുകൾ കണ്ടെത്താത്തതിനാൽ വിട്ടയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടറെ കാണിക്കാനായാണ് സുരേഷ് ആശുപത്രിയിൽ എത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആദ്യകാല കെട്ടിടങ്ങളിൽ ഒന്നാണു മെഡിസിൻ ബ്ലോക്ക്.
കഴിഞ്ഞ 18ന് ഈ കെട്ടിടത്തിലെ മെഡിസിൻ ഐസിയുവിന്റെയും മൂന്നാം വാർഡിന്റെയും ഇടയിൽ പ്ലാസ്റ്ററിങ് വീണ് നിലത്ത് കിടന്നുറങ്ങിയിരുന്ന വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. 1975– 76 കാലഘട്ടത്തിൽ പണിത കെട്ടിടമാണ്. പലപ്പോഴായി മേൽത്തട്ട് ഇടിഞ്ഞു വീണപ്പോൾ സിമന്റ് തേച്ച് വെള്ള പൂശുകയാണ് ചെയ്തതെന്നറിയുന്നു. ഇവയാണിപ്പോൾ അടർന്നു വീഴുന്നത്.