കയ്യടിയും സല്യൂട്ടുമായി നാട്ടുകാര്‍; ഗാന്ധിനഗര്‍ സ്റ്റേഷനിലെ ആദ്യദിനം തന്നെ താരമായി എസ്.ഐ റെനീഷ്; പിഞ്ചുകുഞ്ഞിനെ അമ്മയുടെ അടുക്കല്‍ എത്തിച്ചപ്പോള്‍ അവരുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് റെനീഷ്; പൊലീസ് സംഘത്തിന് സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞ കയ്യടി

കയ്യടിയും സല്യൂട്ടുമായി നാട്ടുകാര്‍; ഗാന്ധിനഗര്‍ സ്റ്റേഷനിലെ ആദ്യദിനം തന്നെ താരമായി എസ്.ഐ റെനീഷ്; പിഞ്ചുകുഞ്ഞിനെ അമ്മയുടെ അടുക്കല്‍ എത്തിച്ചപ്പോള്‍ അവരുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് റെനീഷ്; പൊലീസ് സംഘത്തിന് സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞ കയ്യടി

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതി നവജാത ശിശുവിനെ തട്ടിയെടുത്തു കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി അമ്മയ്ക്കു കൈമാറിയ ഗാന്ധിനഗര്‍ എസ് ഐ റെനീഷാണ് ഇപ്പോൾ താരം.

എസ് ഐ ടി.എസ്. റെനീഷ് കുഞ്ഞുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു എത്തുമ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ കൈയടികളോടെയും സല്യൂട്ട് നല്കിയുമാണ് സ്വീകരിച്ചത്. ഇപ്പോൾ പൊലീസിന് സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞ കയ്യടിയും അഭിനന്ദനപ്രവാഹവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് എത്രത്തോളം അതിജീവിക്കുമെന്ന ആശങ്കയാണ് ആദ്യം ഉണ്ടായതെന്ന് റെനീഷ് പറഞ്ഞു. എതാനും ദിവസങ്ങള്‍ക്കു മുൻപാണ് എസ്‌ഐ ടി.എസ്. റെനീഷ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിന്നു ഗാന്ധിനഗര്‍ സ്റ്റേഷനിലേക്കു സ്ഥലംമാറി എത്തിയത്. നാളുകള്‍ക്കു മുൻപു ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ജോലി ചെയ്തിട്ടുള്ള റെനീഷിനു മെഡിക്കല്‍ കോളേജും പരിസര പ്രദേശങ്ങളും പരിചിതമായിരുന്നു.

സംഭവമറിഞ്ഞതോടെ ഒരു നിമിഷം പോലും പാഴാക്കാതെ അമ്മയുടെ അടുത്തെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളുകളുടെ ഏകദേശ രൂപം ചോദിച്ചു മനസിലാക്കി. തുടര്‍ന്നു സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും പല സംഘങ്ങളായി തിരിച്ചു വിവിധ സ്ഥലങ്ങളിലേക്കു അന്വേഷണത്തിനായി പറഞ്ഞയച്ചു.

ബസ് സ്റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി പൊലീസ് വിവരങ്ങള്‍ തിരക്കി. ഈ സമയത്താണ് കുഞ്ഞുമായി ഒരു യുവതി ഹോട്ടലില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ ഹോട്ടലില്‍ എത്തി യുവതിയെ പിടികൂടുകയായിരുന്നു.

ഉടന്‍തന്നെ പിഞ്ചു കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. നുറൂകണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസും ഇന്നലെ ഈ വീഡിയോ ആയിരുന്നു. പൊലീസ് മീഡിയ സെല്ലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. പലരും ബിഗ് സല്ല്യൂട്ട് എന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. സംഭവത്തിനുശേഷം സ്റ്റേഷനില്‍ എത്തിയ റെനീഷിന്റെ ഫോണിനു വിശ്രമമുണ്ടായിരുന്നില്ല.
വിവിധ ജില്ലകളില്‍ നിന്നു നിരവധി പേരാണ് നേരിട്ടു വിളിച്ചു അഭിനന്ദനം അറിയിച്ചത്.

കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുന്നതിലും അതീവ ജാഗ്രത പുലര്‍ത്തുന്നയാളാണ് എസ്‌ഐ ടി.എസ്. റെനീഷ്. ഇന്നലെ വൈകുന്നേരം മുതല്‍ താന്‍ അറിയുക പോലുമില്ലാത്ത നിരവധി പേരാണ് ഫോണില്‍ വിളിച്ചു സന്തോഷം പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരക്കുകള്‍ കാരണം എല്ലാവരുടെയും ഫോണ്‍ എടുക്കാന്‍ പോലും സാധിച്ചിട്ടില്ല. പിഞ്ചുകുഞ്ഞിനെ അമ്മയുടെ അടുക്കല്‍ എത്തിച്ചപ്പോള്‍ അവരുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും എസ്ഐ ടി എസ് റെനീഷ് പറയുന്നു.