
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ടൈല്‍ അടര്‍ന്നുവീണു; രോഗിയുടെ കൂട്ടിരിപ്പുകാരന് തലയ്ക്കും മുഖത്തും പരിക്കേറ്റു; ടൈലുകള്‍ അടര്‍ന്നുവീഴാന്‍ കാരണം നിര്‍മാണത്തിലെ പിഴവും അഴിമതിയുമാണെന്ന് ആരോപണം…..
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: ആശുപത്രി ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ടൈല്‍ അടര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരനു പരിക്കേറ്റു.
മല്ലപ്പള്ളി സ്വദേശി ഷിജുവി (32)നാണു പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളജിലെ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ ചികിത്സയിലാണ് ഇയാളുടെ പിതാവ്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് തറയില്‍ പായ വിരിച്ച് കിടക്കുകയായിരുന്നു ഇയാള്‍.
ഈ സമയത്താണ് ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ടൈല്‍ അടര്‍ന്ന് ഇയാളുടെ തലയില്‍ പതിച്ചത്. ഇതേത്തുടര്‍ന്ന് തലയ്ക്കും മുഖത്തും പരിക്കേറ്റു.
ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ഇയാള്‍ക്ക് ആവശ്യമായ ചികിത്സ നല്കി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ആശുപത്രിയുടെ മരാമത്തുപണികള്‍ നടത്തുന്നത്.
നിര്‍മാണത്തിലെ പിഴവും അഴിമതിയുമാണ് ഇങ്ങനെ ടൈലുകള്‍ അടര്‍ന്നുവീഴാന്‍ കാരണമെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.