
കോട്ടയം മെഡിക്കൽ കോളജ് മോര്‍ച്ചറിയിൽ അനാഥ മൃതദേഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നു; സൂക്ഷിക്കാനിടമില്ലാതെ നട്ടം തിരിഞ്ഞ് അധികൃതർ; മെഡിക്കല്‍ കോളജ് മോർച്ചറിയുടെ പ്രവർത്തനം അവതാളത്തിൽ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ അനാഥ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാതെ ആശുപത്രി അധികൃതര്‍.
18 ഫ്രീസറാണ് ആകെയുള്ളത്. അതില്‍ 16 എണ്ണത്തിലും അനാഥ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. ശേഷിക്കുന്ന രണ്ടെണ്ണത്തില്‍ ഒരെണ്ണം നവജാത ശിശുക്കള്‍ മരണപ്പെടുമ്പോള്‍ സൂക്ഷിക്കുന്നതിനുള്ളതാണ്.
ഫലത്തില്‍ ഒരു ഫ്രീസര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അപകടത്തില്‍പ്പെട്ടോ വിഷം ഉള്ളില്‍ ചെന്നോ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെട്ടാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണം. അത്തരം സാഹചര്യമുണ്ടായാല്‍ മൃതദേഹം ഫ്രീസറില്‍ വയ്ക്കാന്‍ കഴിയാതെ വെളിയില്‍ വയ്ക്കേണ്ടിവരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ച മുമ്പ് അനാഥ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാര്‍ പൊതുശ്മാശനത്തില്‍ സംസ്കരിക്കുമെന്ന് അറിയിപ്പു നല്‍കുകയും ഔദ്യോഗികമായി ഗാന്ധിനഗര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു.
വിവിധ ജില്ലകളിലുള്ള പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍പ്പെട്ടതിനാല്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഗാന്ധിനഗര്‍ പോലീസ് മെഡിക്കല്‍ കോളജ് അധികൃതരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ അറിയിപ്പ് രേഖാമൂലം കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചുവപ്പ് നാടയില്‍ കുരുങ്ങി അനാഥ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനു കാലതാമസം നേരിട്ടാല്‍ മെഡിക്കല്‍ കോളജിന്‍റെ പ്രവർത്തനത്തെ ബാധിക്കും.