കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് കളമശേരി സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. പ്രതി നീതുവിനെ സഹായിച്ചത് ഇബ്രാഹിം ബാദുഷയാണെന്ന് പോലീസ് പറയുന്നു.
ബാദുഷയെ എറണാകുളത്ത് നിന്നും കോട്ടയത്ത് കൊണ്ടുവരും. നീതു നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനു പിന്നിൽ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട റാക്കറ്റ് ഇല്ലെന്ന് കോട്ടയം എസ്പി ഡി.ശിൽപ നേരത്തെ പറഞ്ഞിരുന്നു. നീതുവിന്റെ ലക്ഷ്യമറിയാന്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ശില്പ മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നീതുവിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തത വരികയുള്ളൂ. മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഒന്നും തന്നെ ഏര്‍പ്പെട്ടിട്ടില്ല. ഇവരുടെ ഒപ്പമുള്ളത് സ്വന്തം കുട്ടി തന്നെയാണ്. നാലാം തീയതി മുതല്‍ ഇവർ ഹോട്ടലില്‍ താമസിച്ചുവരികയാണെന്നും എസ്പി പറഞ്ഞു.
ആര്‍ക്കും ഒരു സംശയത്തിനും ഇട നല്‍കാതെയാണ് പെറ്റമ്മയുടെ കയ്യില്‍ നിന്നും നീതു കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാല്‍, എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത നീതുവിനും താന്‍ പോലും അറിയാതെ സംഭവിച്ച ചെറിയ പിഴവാണ് കുഞ്ഞിന്റെ അമ്മക്ക് സംശയം തോന്നാന്‍ കാരണമായത്. വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ രണ്ട് ദിവസം മാത്രം മകളെ കുട്ടികളുടെ ഐസിയുവിലേക്ക് (എന്‍ഐസിയു) മാറ്റണം എന്ന് പറഞ്ഞാണ് നീതു വാങ്ങിക്കൊണ്ട് പോയത്. എന്നാല്‍, എന്‍ഐസിയുവിന്റെ ഭാഗത്തേക്കല്ല നഴ്സ് വേഷധാരിയായ യുവതി പോയതെന്ന് കണ്ടതോടെയാണ് അശ്വതി വിവരം അധികൃതരെ അറിയിച്ചത്.
ഇതിനുമുന്‍പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആര്‍എംഒ വ്യക്തമാക്കി. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡെന്റല്‍ കോളജില്‍ നഴ്സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.