
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടം വെള്ളിയാഴ്ച പുലര്‍ച്ചെ ഭാഗികമായി ഇടിഞ്ഞതിനെത്തുടർന്ന് പലരെയും ഐസൊലേഷൻ വാർഡിലേക്കും പുതിയ ശസ്ത്രക്രിയ വിഭാഗത്തിലേക്കും മാറ്റിയിരുന്നു. കൂടെ രണ്ട് രോഗികളും ഉണ്ടായിരുന്നു. രണ്ട് പേർക്കും സ്വന്തമായ മേൽവിലാസമോ ബന്ധുക്കളോ ഇല്ല, ഒരാള്‍ക്ക് പേരുമില്ല, ഒരാളുടെ പേര് മാധവന്‍ എന്നാണ്.
ഇവർക്ക് ആരേയും ഓർമ്മയും ഇല്ല. പേരറിയാത്ത രോഗി ശസ്ത്രക്രിയ കഴിഞ്ഞ് ചലനശേഷിയില്ലാതെ കിടക്കുകയാണ്. മാധവൻ ട്രാക്ഷൻ കിടക്കയിലാണ് — കണ്ണ് തുറക്കുന്ന കുറച്ച് നിമിഷങ്ങൾ ഒഴിച്ചാൽ അയാൾക്ക് ചുറ്റുപാടും എന്ത് സംഭവിക്കുന്നു എന്ന് പോലും അറിയില്ല.
കൂടെയാരുമില്ലാത്തവരുടെ ചികിത്സയെവിടെ എത്തും എന്ന ഭയം പല ആശുപത്രികളിലും സാദാരണമാണ്. പക്ഷേ, ഇവിടെ കഥ വേറെയാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരും ജീവനക്കാരും ഈ രണ്ടുപേരെ ഒരിക്കലും ഉപേക്ഷിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു രോഗികളുടെ കാര്യങ്ങളിൽ തിരക്കുണ്ടായിരുന്നാലും, ഇവരുടെ ഭക്ഷണവും ശുചിത്വവും ഒക്കെ നഴ്സുമാർ നോക്കും വെള്ളിയാഴ്ച രാവിലെ പതിവ് ഭക്ഷണം ലഭ്യമല്ലാതായതോടെ, നഴ്സുമാർ സ്വന്തം ചെലവില്‍ പുറത്തുനിന്ന് ഭക്ഷണം വാങ്ങി വാരികൊടുത്തു.അപ്പോഴും അവർക്ക് രണ്ടുപേർക്കും ഒന്നും അറിയാൻ കഴിയുന്നില്ലായിരുന്നു.
മഴ പെയ്യുമ്പോള്‍ തണുക്കുമെന്ന തിരിച്ചറിവോടെ പുതപ്പുകൾ കൊണ്ടുവന്ന് നഴ്സുമാർ അവരെ പുതപ്പിച്ചു. വർഷത്തിൽ പലതവണ ഇത്തരം അജ്ഞാതരായ രോഗികൾ ഇവിടെ എത്താറുണ്ടെന്നും സാധാരണ, ഒരു ഘട്ടത്തിന് ശേഷം ചെറിയ ആശുപത്രിയിലേക്കാണ് മാറ്റാറാണ് പതിവെന്നും നഴ്സുമാർ പറഞ്ഞു.
എന്നാൽ ഇപ്പോളത്തെ അവസ്ഥയിൽ ഇവരെ അങ്ങനെ മാറ്റാൻ കഴിയില്ല, തത്കാലം അവർ ഇവിടെ തുടരും, ജീവനക്കാരുടെ അകമഴിഞ്ഞ കാരുണ്യവും.