
കോട്ടയം മെഡിക്കല്‍ കോളജ് കോമ്പൗണ്ട് മോഷ്ടാക്കളുടെ സ്ഥിരം താവളമാകുന്നു; കുട്ടികളെ തട്ടിയെടുക്കൽ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കൽ, ചികിത്സയില്‍ കഴിയുന്ന രോഗികളുടേയും, കൂട്ടിരിപ്പികാരുടേയും പണവും മൊബൈല്‍ ഫോണും മോഷ്ടിക്കൽ എന്നിവ വ്യാപകമാകുന്നതായി പരാതി; സുരക്ഷാഉദ്യോഗസ്ഥരുടേയും,പോലീസിന്‍റെയും നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കോമ്പൗണ്ടില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. വാഹന മോഷണശ്രമങ്ങള്‍ ഉൾപ്പെടെ വിവിധ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടേയും, കൂട്ടിരിപ്പികാരുടേയും പണവും മൊബൈല്‍ ഫോണ്‍ മോഷണവും, കുട്ടികളെ തട്ടി കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളും വ്യാപകമാകുന്നു.
ഇന്നലെ സൂപ്രണ്ട് ഓഫീസിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ചു. ഇടിയുടെ ശബ്ദം കേട്ടു സുരക്ഷാ വിഭാഗം ഓഫീസിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ വാഹനം മോഷ്ടിക്കുവാന്‍ ശ്രമിച്ചയാള്‍ ഓടി രക്ഷപെടുവാന്‍ ശ്രമിച്ചെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടി ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീട് രാവിലെ 11ന് മെഡിക്കല്‍ കോളജ് സര്‍വീസ് സഹകരണ ബാങ്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു ജീവനക്കാരിയുടെ സ്‌കൂട്ടര്‍ തട്ടിയെടുക്കുവാന്‍ ശ്രമം നടന്നു. ജീവനക്കാരിയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വാഹനം എടുക്കുവാന്‍ കഴിയാതെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ വൈക്കം സ്വദേശിയായ ഒരു യുവാവ് ഓടിച്ചുകൊണ്ടുപോയി. രണ്ടു കിലോമീറ്റര്‍ ദൂരം പിന്നിട്ടശേഷം വിവരം അറിഞ്ഞ ഗാന്ധിനഗര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. മെഡിക്കല്‍ കോളജ് സുരക്ഷാഉദ്യോഗസ്ഥരുടേയും,പോലീസിന്‍റെയും നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാര്രും സമീപത്തെ വ്യാപാരികളും പറയുന്നു .