കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കുറവ്; മെഡിക്കല്‍ വിദ്യാഭ്യാസരംഗവും രോഗികളുടെ ചികിത്സയും പ്രതിസന്ധിയില്‍
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കൃത്യസമയത്ത് നിയമനം നടത്താത്തതിനാൽ കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കുറവ്. മെഡിക്കല്‍ വിദ്യാഭ്യാസരംഗവും രോഗികളുടെ ചികിത്സയും പ്രതിസന്ധിയില്‍. രണ്ടുമാസത്തിനിടെ നിരവധി ഡോക്ടര്‍മാരാണ് സര്‍വിസില്‍നിന്ന് വിരമിച്ചത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും നെഫ്രോളജിസ്റ്റുമായിരുന്ന ഡോ. കെ.പി. ജയകുമാര്‍, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. എം.സി. ടോമിച്ചന്, മെഡിസിന് വിഭാഗം മേധാവി ഡോ. സംഘമിത്ര, ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ. രാജീവ്, അനാട്ടമി മേധാവി ഡോ. ഉഷാവതി എന്നിവര്‍ ഏപ്രിലില്‍ സര്‍വിസില്‍നിന്ന് വിരമിച്ചിരുന്നു. ഇവര്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തിരുന്നവരും ഒപ്പം രോഗികള്‍ക്ക് ചികിത്സയും നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടൊപ്പം മേയില്‍ അഞ്ച് വകുപ്പ് മേധാവികള്കൂടി വിരമിച്ചു. പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. ആര്. സജിത് കുമാര്‍, ജനറല്‍ മെഡിസിന് വിഭാഗം മേധാവി പ്രഫ. ഡോ. ഷീല കുര്യന്, ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോ. ജോര്‍ജ് തോമസ്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. രാജു ജോര്‍ജ് എന്നിവരാണ് കഴിഞ്ഞ 31ന് സര്‍വിസില്‍നിന്ന് വിരമിച്ചത്.
കൂടാതെ മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്കി മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഡോ. റെയ്ഹാനത്തുള് മിസ്റിയയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ഡോ. കെ. ജയപ്രകാശിനെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്. കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോ. രാജു ജോര്‍ജിന്റെ ഒഴിവില്‍ ഡോ. വി.എല്‍. ജയപ്രകാശ് ഉണ്ടെങ്കിലും മൂന്നു ഫാക്കല്‍റ്റിയുടെ ഒഴിവ് നികത്താത്തതിനാല്‍ അധ്യാപനത്തിനും ചികിത്സക്കും വളരെയേറെ ബുദ്ധിമുട്ട് നേരിടുകയാണ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്നെങ്കില്‍ 50 വര്‍ഷം പിന്നിട്ടിട്ടും ഏഴ് ഫാക്കല്‍റ്റി എന്ന എണ്ണത്തില്‍ തുടരുകയാണ്. ഒരുവര്‍ഷം മുമ്ബുവരെ ഒരു കാത്ത് ലാബ് മാത്രമായിരുന്നു മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്നത്. ഈ ഒരു കാത്ത് ലാബ് ഉപയോഗിച്ചാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഏറ്റവും കൂടുതല്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി നടത്തിവന്നിരുന്നത്. കഴിഞ്ഞവര്‍ഷം ഒരു കാത്ത് ലാബ് കൂടി ലഭിച്ചതോടെ ഈ ചികിത്സകളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ആവശ്യത്തിന് സീനിയര്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് കാര്‍ഡിയോളജി വിഭാഗത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചു.