
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിൽ നടപ്പിലാക്കിയ 283.60 കോടി രൂപയുടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാടിനു സമര്‍പ്പിക്കും.സര്‍ജിക്കല്‍ ബ്ലോക്ക്, സ്കിന്‍ബാങ്ക്,
കാത്ത്ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്ടേഷന്‍ മാനേജ്മെന്റ് സെന്റര്‍ തുടങ്ങി വികസന പദ്ധതികളാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയത്. ഉദ്ഘാടന സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് സ്വാഗതം പറയും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മികവിന്റെ പടവിലാണ്. ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്നു പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളജിന് മാറാൻ സാധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹി എയിംസിനു ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നടത്തിയത്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമായി ഉയർന്നു. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളജിനു സാധിച്ചു.
അതേസമയം ആശുപത്രിയിലെ പോരായ്മകൾ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. വെന്റിലേറ്റർ സൗകര്യം വേണ്ട രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. മറ്റു ആശുപത്രികളിൽ ഐസി യുവിൽ കഴിയുന്ന രോഗികൾ മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയ്ക്ക് വരാൻ താത്പര്യപ്പെടുന്നുണ്ട്.
എന്നാൽ ഇവിടെ വെന്റിലേറ്റർ സൗകര്യം ലഭ്യമാണോ എന്ന് അന്വേഷിച്ച് ബന്ധപ്പെട്ട അധികൃതരെ ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും വെന്റിലേറ്റർ സൗകര്യം ലഭ്യമല്ലെന്ന വിവരമാണ് ലഭിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ആശുപത്രിയിൽ വെന്റിലേറ്റർ ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തുടങ്ങിയ വിഭാഗം ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സ് കാലപ്പഴക്കത്തെത്തുടർന്ന് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അറ്റകുറ്റപ്പണി നടത്താൻ ജീവനക്കാർ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നടപടിയായിട്ടില്ല.



