
കോട്ടയം : നിയമലംഘനം പിടിക്കാൻ എ.ഐ ക്യാമറകൾ സ്ഥാപിച്ചു. എം.സി റോഡ് നവീകരിച്ചത് വാഹനയാത്ര സുഗമമാക്കിയെങ്കിലും അപകടങ്ങൾക്ക് പരിഹാരമായില്ല.എന്നിട്ട് ഫലം കണ്ടില്ല. ഇന്നലെ മോനിപ്പള്ളിയ്ക്ക് സമീപം കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് നീണ്ടൂർ സ്വദേശികളായ മൂന്നു പേരുടെ ജീവനാണ് പൊലിഞ്ഞത്.
ചങ്ങനാശേരി മുതൽ മോനിപ്പള്ളി വരെ അപകടമേഖലകൾ നിരവധിയാണ്. പല സ്ഥലങ്ങളും ബ്ലാക്ക് സ്‌പോട്ട് ഏരിയയുമാണ്. കാൽനടയാത്രക്കാരടക്കം വാഹനമിടിച്ച് മരിക്കുന്നതും തുടർക്കഥയാകുകയാണ്. ഒരുമാസം 10 പേരെങ്കിലും അപകടത്തിൽ മരിക്കുന്നു.
10 പേരെങ്കിലും ജില്ലയിൽ എം.സി. റോഡിന്റെ വിവിധ ഭാഗങ്ങളായി അപകടത്തിൽ മരിക്കുന്നുണ്ട്. മോനിപ്പള്ളി – കൂത്താട്ടുകുളം വരെ കൊടുംവളവുകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീർഘദൂര വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ, തടിലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും അപകടങ്ങളിലേക്കു നയിക്കുന്നതായി കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ പറയുന്നു.
എം.സി റോഡിൽ അപകടങ്ങൾ വർദ്ധിച്ചതോടെ പട്ടിത്താനം മുതൽ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി പാലം വരെയുള്ള അപകടസാദ്ധ്യതാ മേഖല കണ്ടെത്തി പരിഹാര നടപടികളെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാക്കിയ പദ്ധതി പരണത്താണ്.
അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ നടപടികൾ സ്വീകരിക്കാനായിരുന്നു നീക്കം.
പക്ഷേ, സിഗ്‌നൽ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാൻ പോലുമായില്ല. നാറ്റ്പാക് സംഘവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടി ഇല്ല.




