play-sharp-fill
നഗരമധ്യത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കി മീൻ കച്ചവടം: അനധികൃത കച്ചവടം നടത്തുന്നത് എം.എൽ റോഡിൽ; നഗരസഭയ്ക്ക് നാട്ടുകാരുടെ പരാതി

നഗരമധ്യത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കി മീൻ കച്ചവടം: അനധികൃത കച്ചവടം നടത്തുന്നത് എം.എൽ റോഡിൽ; നഗരസഭയ്ക്ക് നാട്ടുകാരുടെ പരാതി

സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ എം.എൽ റോഡിനെ കുരുക്കിലാക്കി അനധികൃത മീൻ കച്ചവടം. എം.എൽ റോഡിൽ നിന്നും ചന്തക്കടവിലേയ്ക്ക് വരുന്ന റോഡിലാണ്, വഴിയിലേയ്ക്ക് ഇറക്കി വച്ച് മീൻ കച്ചവടം നടത്തുന്നത്. ഏറ്റവും തിരക്കേറിയ മാർക്കറ്റിനുള്ളിലെ, തിരക്കേറിയ സ്ഥലത്ത് നടക്കുന്ന കച്ചവടം കണ്ടിട്ടും നഗരസഭ അധികൃതർ ഇത് കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. ഇതു സംബന്ധിച്ചു നാട്ടുകാരും, മാർക്കറ്റിലെ കച്ചവടക്കാരും തേർഡ് ഐ ന്യൂസ് ലൈവിനു ചിത്രം സഹിതം പരാതി നൽകിയിരുന്നു. ഈ പരാതി തേർഡ് ഐ സംഘം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്ക് കൈമാറിയിട്ടുണ്ട്.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗതക്കുരുക്കിന് കാരണമാകുന്ന സ്ഥലമാണ് കോഴിച്ചന്ത റോഡിൽ നിന്നും എംഎൽ റോഡിലേയ്ക്ക് ഇറങ്ങുന്ന ഭാഗം. ഇവിടെ ഒരു വശത്ത് എപ്പോഴും വലിയ വാഹനങ്ങൾ പാർക്ക് ചെയ്ത് സാധനങ്ങൾ ഇറക്കുന്നത് പതിവാണ്. ഇതിനിടെയാണ് എതിർവശത്ത് മീൻ കച്ചവടക്കാർ റോഡ് കയ്യേറിയിരിക്കുന്നത്. ആദ്യം ഇവിടുത്തെ ഓടയ്ക്ക് മുകളിലാണ് ആദ്യം ഈ കച്ചവടക്കാർ ഇരുന്നിരുന്നത്. എന്നാൽ, പിന്നീട് ഇവർ ഇരുപ്പ് റോഡിലേയ്ക്ക് മാറ്റി.
കോട്ടയം നഗരമധ്യത്തിലെ മീ മാർക്കറ്റും പച്ചക്കറിമാർക്കറ്റും അടക്കമുള്ളവ കോടിമതയിലെ എം.ജി റോഡിന്റെ അരികിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ, ഇപ്പോഴും ഒരു വിഭാഗം കച്ചവടക്കാർ എം.എൽ റോഡിനെ തന്നെ കച്ചവട കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരത്തിൽ അനധികൃതമായി റോഡി കയ്യേറി കച്ചവടം ചെയ്യുന്നവരാണ് നഗരത്തെയും മാർക്കറ്റിനെയും ഗതാഗതക്കുരുക്കിലാക്കുന്നത്. ഇതുകൂടാതെയാണ് ഈ മാർക്കറ്റിനുള്ളിലെ അനധികൃത പാർക്കിംങും. ഇത് രണ്ടും ചേരുന്നതോടെയാണ് നഗരം ഗതാഗതക്കുരുക്കിലാകുന്നത്.