‘ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്….’; സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ട്‌ ഇന്നേക്ക് മുപ്പതിമൂന്ന് വര്‍ഷം

Spread the love

സ്വന്തം ലേഖിക

കോട്ടയം: സമ്പൂര്‍ണ സാക്ഷരതനേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ട്‌ ഇന്ന് 33 വര്‍ഷം തികയുന്നു.

നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989 ജൂണ്‍ 25ന് കോട്ടയം സമ്പൂര്‍ണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്. 1989 മാര്‍ച്ച്‌ നാലിന് കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നിന്ന് മാമ്മന്‍ മാപ്പിള ഹാളിലേക്ക് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലറായിരുന്ന പ്രൊഫ. യു ആര്‍ അനന്തമൂര്‍ത്തിയുടെ നേതൃത്വത്തില്‍ കൂട്ടയോട്ടത്തോടെയായിരുന്നു തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം എം ജേക്കബ്‌ സാക്ഷരതായജ്ഞം ഉദ്ഘാടനംചെയ്‌തു.
‘ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്’ എന്ന പേരിലായിരുന്നു കൂട്ടയോട്ടം.

തിരുനക്കര മൈതാനത്ത് യു ആര്‍ അനന്തമൂര്‍ത്തി നല്‍കിയ സാക്ഷരത പതാക ഭിന്നശേഷിക്കാരനായ സുകുമാരന്‍ ഉയര്‍ത്തി. വൈസ് ചാന്‍സലറും നഗരസഭാധ്യക്ഷന്‍ മാണി എബ്രഹാം ഉള്‍പ്പെടെ കലക്ടറും എസ്‌പിയുമൊക്കെ സാക്ഷരതയ്ക്കായി ഒരുമിച്ചോടിയത് നാടിനാകെ കൗതുകമായി.
കോട്ടയത്തെ 32 വാര്‍ഡുകളിലും അന്നേദിവസം സാക്ഷരത പതാകയുയര്‍ത്തി.

നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായാണ് മഹാത്മാഗാന്ധി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം കോട്ടയം നഗരത്തെ സമ്പൂര്‍ണ സാക്ഷരതയിലേക്ക് നയിക്കാനായി ജനബോധന സാക്ഷരത യജ്ഞമെന്ന പദ്ധതി മുന്നോട്ടുവച്ചതെന്ന് അന്നത്തെ സര്‍വകലാശാല എന്‍എസ്‌എസ്‌ കോ -ഓര്‍ഡിനേറ്റര്‍ ഡോ. സി തോമസ് എബ്രഹാം പറഞ്ഞു. സര്‍വേയിലൂടെ കണ്ടെത്തിയ 2208 നിരക്ഷരരെയാണ്‌ അക്ഷരംപഠിപ്പിച്ചത്‌.