
കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവം; അച്ഛനെ പ്രതിയാക്കി
കോട്ടയം: പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ അച്ഛനെ പ്രതിയാക്കി കോട്ടയം പൊലീസ് കേസെടുത്തു.
ളാലം പയപ്പാർ അന്ത്യാളം ചെരിവുപുരയിടത്തില്‍ വീട്ടില്‍ രാജേഷ് സി.എം (44) നെ പ്രതിയാക്കിയാണ് കേസെടുത്തത്. ഇയാളുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേല്‍ വീട്ടില്‍ മാണിയുടെ ഭാര്യ റോസമ്മ മാണി(80) പരിക്കേറ്റ് ചികിത്സയിലിരിയ്ക്കെ മരണപ്പെട്ടിരുന്നു. ഫെബ്രുവരി 13ന് രാവിലെ 6ന് പ്രവിത്താനം എംകെഎം ആശുപത്രിയ്ക്കു സമീപമാണ് അപകടം നടന്നത്. അന്നേ ദിവസം 08.30ഓടെ റോസമ്മ മാണിയുടെ മരണം സംഭവിക്കുകയായിരുന്നു.
മകൻ ഓടിച്ച ബൈക്കിന്റെ രജിസ്റ്റേഡ് ഉടമ രാജേഷായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നല്‍കിയതിനെത്തുടർന്നാണ് ഇയാളെ പ്രതി ചേർത്ത് കേസെടുത്തത്. അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പും സ്വീകരിച്ചു.പ്രായപൂർത്തിയാകാത്ത മകനെതിരെ ജുവനൈല്‍ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ട് നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വെഹിക്കിള്‍ ആക്‌ട് പ്രകാരം പ്രായപൂർത്തിയാകാത്ത (18 വയസിനു താഴെ )ഒരാള്‍ പൊതുനിരത്തിലൂടെ വാഹനം ഓടിക്കുകയും ഒരു കുറ്റം ചെയ്യുകയും ചെയ്താല്‍ ആ കുട്ടിയുടെ പിതാവ് അല്ലെങ്കില്‍ രക്ഷകർത്താവ് അല്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമ മോട്ടോർ വെഹിക്കിള്‍ നിയമ പ്രകാരം രണ്ട് കുറ്റവും ചെയ്തതായി കണക്കാക്കപ്പെടും. 3 വർഷം വരെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സാകുന്നത് വരെ ലൈസൻസ് ലഭിക്കുന്നതിന് വിലക്കും വരും. നഷ്ടപരിഹാരത്തുകയും വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമ നല്‍കേണ്ടിവരും. ഇത്തരമൊരു ദുരന്തം വരുത്തിവെക്കാതെ കുട്ടികള്‍ ഇങ്ങനെയുള്ള പ്രവർത്തികളില്‍ ഏർപ്പെടാതിരിക്കാൻ രക്ഷകർത്താക്കള്‍ ജാഗ്രത കാണിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് അറിയിച്ചു.