
സ്വന്തം ലേഖകൻ
കോട്ടയം: ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും കോട്ടയത്ത് കനത്തനാശ നഷ്ടങ്ങളാണ് വിതച്ചത്.
ഒക്ടോബര്‍ ഒന്നുമുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കൃഷിവകുപ്പിെന്റ പ്രാഥമിക കണക്കനുസരിച്ച് 14,289.93 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഇതിനു പിന്നാലെയുണ്ടായ പ്രളയത്തിലും വലിയതോതില്‍ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. 16,078 കര്‍ഷകര്‍ക്കാണ് നഷ്ടങ്ങളുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി അഞ്ഞൂറ് എക്കറോളം കൃഷിഭൂമി ഒലിച്ചുപോയതായും വകുപ്പിെന്റ കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. കൂട്ടിക്കല്‍, എരുമേലി, മുണ്ടക്കയം, കോരുത്തോട് അടക്കമുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ് ഏറ്റവും അധികം കൃഷി ഭൂമി ഒലിച്ചുപോയത്.
ഇവിടെ 456.60 ഏക്കര്‍ ഭൂമിയാണ് ഇല്ലാതായത്. ഗര്ത്തമായും മണ്ണ് കൂനയായും ഇവിടത്തെ കൃഷിഭൂമി മാറി. ഉരുള്‍പൊട്ടലില്‍ പലരുടെയും കൃഷിയിടങ്ങള്‍ കൊക്കപോലെയായി.
പ്ലാപ്പള്ളി, കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട്, കാവാലി, മ്ലാക്കര മേഖലകളിലായി നിരവധി ഏക്കര്‍ ഭൂമി പുല്ലകയാറ്റില്‍ ഒഴുകിയെത്തി. മണ്ണ് നീക്കാന്‍ പോലും കഴിയാത്ത സാഹചര്യമായതിനാല്‍ ഭൂമി തന്നെ ഉപേക്ഷിക്കണമെന്നും ഇവര്‍ പറയുന്നു.
പൂര്‍ണമായി ഇല്ലാതായതിനൊപ്പം വലിയതോതില്‍ മേല്‍മണ്ണ് ഒലിച്ചുപോയ കൃഷിയിടങ്ങളുമുണ്ട്. ഈ പ്രദേശങ്ങളിലൊന്നും ഇനി കൃഷി സാധ്യമല്ലെന്ന് കര്‍ഷകര്‍ വേദനയോടെ പറയുന്നു.
പൂഞ്ഞാര്‍ തെക്കേക്കര കൃഷിഭവന് കീഴിലും ഭൂമി ഒലിച്ചു പോയിട്ടുണ്ട്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ 37.06 ഏക്കര്‍ ഭൂമിയാണ് നഷ്ടപ്പെട്ടത്. കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന നൂറുകണക്കിന് മലയോരകര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ഇത് വലിയ തിരിച്ചടിയായി.
കൃഷി നശിച്ച കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നാണ് കൃഷിവകുപ്പ് പറയുന്നുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലെ നാശങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോഴും ലഭിക്കാത്തത് കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്.