ചുരുങ്ങിയ ചെലവില്‍ കായല്‍യാത്ര ആസ്വദിക്കാന്‍ നിങ്ങൾ തയ്യാറാണോ….? വെറും 29 രൂപയ്ക്ക് കായല്‍ ഭംഗി നുകരാം; കായല്‍ തീരത്തെ ഗ്രാമീണ ഭംഗി ആസ്വദിച്ച് കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ഒരു യാത്ര….!
സ്വന്തം ലേഖിക
കോട്ടയം: ചുരുങ്ങിയ ചെലവില്‍ കായല്‍യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു.
കോട്ടയം കോടിമത ബോട്ട്‌ജെട്ടിയില്‍ നിന്ന് ആലപ്പുഴയിലേക്ക് നടത്തുന്ന സര്‍വീസ് ബോട്ട് യാത്രയ്ക്കാണ് സഞ്ചാരികളുടെ ഒഴുക്ക്. കായല്‍ തീരത്തെ ഗ്രാമീണ ഭംഗിയും കായല്‍ സൗന്ദര്യവും ആസ്വദിച്ച് ആലപ്പുഴ വരെയുള്ള ബോട്ട് യാത്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറഞ്ഞ ചെലവില്‍, ഒരു ദിവസത്തെ ബഡ്ജറ്റില്‍ വിനോദയാത്ര നടത്തുന്നവര്‍ക്ക് ഉപകാരപ്രദമാണ് സര്‍വീസ് ബോട്ടിലെ കായല്‍ യാത്ര. 29 രൂപയാണ് ചാര്‍ജ്. മൂന്ന് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. 35 ജീവനക്കാരാണുള്ളത്.
ജില്ലയിലെ പ്രദേശിക വിനോദസഞ്ചാരികളെ കൂടാതെ, അന്യജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് എത്തുന്നത്. ബുക്ക് ചെയ്‌തെത്തുന്നവര്‍ കൂടുതലായതിനാല്‍ പലപ്പോഴും അഡീഷണല്‍ സര്‍വീസും നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും എത്തുന്നു. പുത്തനാറില്‍ അശാസ്ത്രീയമായി സ്ഥിതി ചെയ്യുന്ന അഞ്ച് പൊക്ക് പാലങ്ങളാണ് ജലടൂറിസം സര്‍വീസിന് തടസമായി നില്‍ക്കുന്നത്. വേഗ, അപ് ആന്‍ഡ് ഡക്ക്, വാട്ടര്‍ ടാക്‌സി, ശിക്കാര വള്ളം തുടങ്ങി നൂതന ബോട്ടുകള്‍ കോട്ടയത്ത് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നാളിതുവരെ നടപടിയായില്ല. അവധിദിവസങ്ങള്‍, ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
സര്‍വീസ് സമയം.
കോട്ടയത്ത് നിന്ന്
6.45, 11.30, 1, 3.30, 5.15 .
ആലപ്പുഴയില്‍ നിന്ന്
7.15, 9.30, 11.30,2.30, 5.15 .