
സ്വന്തം ലേഖിക
കോട്ടയം: കുറിച്ചിയിലെ ധനകാര്യസ്ഥാപനത്തിലെ മോഷണത്തിനു പിന്നില്‍ പ്രഫഷണല്‍ സംഘമെന്ന് സൂചന.
ജില്ലയ്ക്കു പുറത്തുനിന്നുള്ള സംഘം ഇവിടെയെത്തി മോഷണം നടത്തിയതായാണ് സംശയിക്കുന്നത്. റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന കട്ടര്‍ ഉപയോഗിച്ചാണ് സംഘം മോഷണത്തിനായി സ്ഥാപനത്തിന്റെ ഗേറ്റും വാതിലും ലോക്കറും തകര്‍ത്തതെന്നാണ് സംശയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണസംഘം കട്ടറിന്റെ ബ്ലേഡ് പൊതിയാന്‍ ഉപയോഗിച്ച പത്രപേപ്പറും സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബ്ലേഡും സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബ്ലേഡ് പൊതിഞ്ഞ പത്രം കോട്ടയം ജില്ലയ്ക്കു പുറത്തുനിന്നുള്ള പത്രത്തിന്റെ ലോക്കല്‍ എഡിഷന് ആണെന്നാണു പ്രാഥമിക വിവരം. ഇതു കേന്ദ്രീകരിച്ചും പോലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.
ശനിയാഴ്ച അര്‍ധരാത്രിക്കുശേഷമോ ഞായറാഴ്ച രാത്രിയോ പുലര്‍ച്ചെയോ ആകാം മോഷണം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണസംഘത്തില്‍ മൂന്നിലധികം ആളുകള്‍ ഉണ്ടായിരുന്നതായാണു പ്രാഥമിക നിഗമനം. ഒരാള്‍ പരിസരം നിരീക്ഷിച്ചപ്പോള്‍ രണ്ടുപേരാണ് ഉള്ളില്‍ കയറി മോഷണം നടത്തിയത്. മറ്റൊരാള്‍ വാഹനവുമായി പുറത്തുനിന്നതായി സംശയിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടന്ന മോഷണങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന സംശയവുമുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ച് സമാന രീതിയില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ ഉള്ളതായി വിവരമുണ്ട്. ഇതു കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള ചെറിയ വിവരങ്ങള്‍ അടക്കം പോലീസ് ഇതിനായി ശേഖരിക്കുന്നുണ്ട്.
കോട്ടയം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ രാത്രി സമയങ്ങളില്‍ ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയത്തേക്കും തിരികെയും സഞ്ചരിച്ച വാഹനങ്ങളുടെ പട്ടിക ശേഖരിക്കുന്നുണ്ട്.
ഈ വാഹനങ്ങളില്‍ സംശയാസ്പദമായി കണ്ടെത്തുന്ന വാഹനങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുന്നതിനായി അതാതു പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കും. മുഖം മറച്ചശേഷം മോഷ്ടാക്കള്‍ സ്ഥാപനത്തിനുള്ളില്‍ പ്രവേശിക്കുകയും സിസിടിവിയുടെ ഡിവിആര്‍ അടക്കം എടുത്തുമാറ്റിയശേഷം റിക്കാര്‍ഡ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കി മോഷണം നടത്തുകയായിരുന്നു.
സ്ഥാപനത്തിനുള്ളില്‍നിന്ന് ലഭിച്ച കട്ടറിന്റെ ബ്ലേഡ് കേന്ദ്രീകരിച്ചാണു പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഈ കട്ടര്‍ വാങ്ങിയത് ആരാണ് എവിടെനിന്നാണ് വാങ്ങിയത്, ഏതു രീതിയിലാണ് ഇവിടെ എത്തിച്ചത്, തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്തെത്തിച്ച പോലീസ് നായ മണം പിടിച്ചു സമീപത്തെ പുരയിടത്തിലൂടെ ഓടി റോഡില്‍ എത്തി നിന്നു.
മോഷണം നടന്ന സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാക്കളുടെ ഫിംഗര്‍ പ്രിന്റ് ലഭിച്ചു. അന്വേഷണത്തിനായി ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ 20 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ഫിംഗര്‍ പ്രിന്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ മോഷണം നടന്ന പണമിടപാട് സ്ഥാപനത്തിന്റെ സമീപത്തുള്ള ചില കടകളിലും മോഷണ ശ്രമം നടന്നതിന്റെ സൂചകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഗേറ്റും വാതിലും ലോക്കറും തകര്‍ക്കാന്‍ ഉപയോഗിച്ച കട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടാക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.