അപകടമേഖലയായി കോട്ടയം – കുമരകം റോഡ് ; വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അമിത വേഗവും വാഹനാപകടങ്ങൾക്ക് കാരണമാകുന്നു ; വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യവും ശക്തം

Spread the love

സ്വന്തം ലേഖകൻ

കുമരകം :കോട്ടയം – കുമരകം റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. മഴക്കാലമായതോടെ വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും ബസുകൾ ഉൾപ്പെടെ ഉള്ള വാഹനങ്ങളുടെ അമിത വേഗവും പ്രശ്നമാകുന്നു. റോഡിൽ ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങളുണ്ടാകുന്നു.

കഴിഞ്ഞ ദിവസം രാത്രി കുമരകം റോഡിന്റെ ആപ്പിത്തറ ഭാഗത്തേക്കു തിരിയുന്ന സ്ഥലത്ത് കാർ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. ഇടി കൊണ്ട കാർ ഉരുണ്ടു സമീപത്തെ മറ്റൊരു കാറിൽ ഇടിച്ചു. നിയന്ത്രണം വിട്ടു വന്നിടിച്ച കാറിലെ യാത്രക്കാരനായ കൊല്ലം സ്വദേശി അഭിജിത്തിനു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു.അഭിജിത്തിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുൻപു താഴത്തറ ഭാഗത്ത് വച്ചു ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനം ലോറിക്കു പിന്നിൽ ഇടിച്ചു. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച കുമരകം ചിറ്റൂർ എൽസമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. എൽസമ്മയെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപേ പോയി ലോറി പെട്ടെന്നു ബ്രേക്ക് ഇട്ടപ്പോൾ ഇരുചക്രവാഹനം ഇതിൽ ഇടിച്ചു മറിയുകയായിരുന്നു. ഈ സമയം മറ്റൊരു ഇരുചക്രവാഹനം എൽസമ്മയെ ഇടിച്ചു. സ്കൂളുകൾ തുറന്നതിനാൽ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യവും ഉയരുന്നു.വാഹനങ്ങളുടെ അമിത വേഗം പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണു രക്ഷിതാക്കളിൽ നിന്നു ഈ ആവശ്യം ഉയർന്നത്.

പ്രധാന ജംക്‌ഷനുകളിൽ റോഡ് കുറുകെ കടക്കാനും കുട്ടികൾ ബുദ്ധിമുട്ടുകയാണ്. ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ രാവിലെയും വൈകിട്ടും പൊലീസിനെ നിയോഗിക്കണം. ബസ്ബേയിൽ ബസുകൾ റോഡ് ഭാഗത്ത് നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും അപകടത്തിനു ഇടയാക്കിയേക്കും. പൊലീസിന്റെ ഭാഗത്ത് നിന്നു നടപടി ഉണ്ടാകാത്തതിനാൽ ബസ്ബേയിൽ കയറുന്നതിനു മുൻപു റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നു. ഇത് ഗതാഗത തടസ്സത്തിനും പലപ്പോഴും കാരണമാകുന്നു.

രണ്ടാം കലുങ്ക് ഭാഗം അപകട മേഖല

റോഡിന്റെ മൂന്നുമൂല മുതൽ– കണ്ണാടിച്ചാൽ വരെ ഉള്ള ഭാഗം അപകട മേഖല അപകട സാധ്യത കൂടുതലുള്ള സ്ഥലമായാണ് പൊലീസ് കണക്കാക്കിയിരിക്കുന്നത്. ഈ മേഖലയിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുകയും പലരും മരിക്കുകയും ചെയ്തിട്ടുണ്ട്. അപകട സാധ്യതയെക്കുറിച്ചു ബോർഡുകളും പൊലീസ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഗവ. ആശുപത്രി റോഡിൽ ലോറി കുടുങ്ങി

വലിയ വാഹനങ്ങൾക്ക് നിരോധനം ഉള്ള കോണത്താറ്റു പാലത്തിനു സമീപത്തെ താൽക്കാലിക റോഡിലൂടെ ചേർത്തല ഭാഗത്തേക്കു പോയ ലോറി റോഡിലെ വളവിൽ കുരുങ്ങി. ഇന്നലെ രാവിലെയാണു സംഭവം. ഗവ:ഹൈസ്കുളിന് സമീപത്തെ വളവിലാണ് ലോറി കുടുങ്ങിയത്. ഇതോടെ മറ്റു വാഹനങ്ങൾ എല്ലാം വൺവേ തെറ്റിച്ച് ഗുരുമന്ദിരം റോഡിലൂടെ യാത്ര ചെയ്യാൻ തുടങ്ങി. ഇതോടെ കുമരകം ജംക്‌ഷനിൽ ഗതാഗതക്കുരുക്കായി. വളവിൽ കിടന്ന ലോറി നാട്ടുകാർ ഒരു വിധത്തിൽ കടത്തിവിട്ടു. ഗതാഗതം നിയന്ത്രിച്ചു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊലീസ് ഇല്ലാത്ത സമയങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നു.