പ്രണയത്തിൻ്റെ പേരിലുള്ള ദുരഭിമാനം വീണ്ടും കോട്ടയത്ത്: വൈക്കത്ത് പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതിമാരെ ആക്രമിച്ച് ബന്ധുക്കൾ: ആക്രമണം സർട്ടിഫിക്കറ്റ് എടുക്കാനെത്തിയപ്പോൾ
ക്രൈം ഡെസ്ക്
വൈക്കം: പ്രണയത്തിൻ്റെ പേരിലുള്ള ദുരഭിമാന അക്രമം വീണ്ടും. ഇത്തവണ വൈക്കത്താണ് ആക്രമണം ഉണ്ടായത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനോടൊപ്പം പോയ യുവതിയെ രണ്ട് വർഷത്തിന് ശേഷം സർട്ടിഫിക്കറ്റ് എടുക്കാൻ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ മർദ്ദിക്കുകയായിരുന്നു.
വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. എം.കോം വരെ പഠിച്ച യുവതി വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനൊപ്പം വീടു വിട്ടിറങ്ങുമ്പോൾ സർട്ടിഫിക്കറ്റ് എടുത്തിരുന്നില്ല. പലവട്ടം സർട്ടിഫിക്കറ്റ് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം യുവതി മാതാവിനോട് വീണ്ടും ചോദിച്ചപ്പോൾ വീട്ടിൽ വന്ന് എടുത്തുകൊള്ളാൻ പറഞ്ഞിരുന്നു. ഇതനുസരിച്ച് യുവതിയും യുവാവും സുഹൃത്തും വീട്ടിൽ് എത്തി. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. യുവതിയുടെ അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവർ തന്നെയും ഭർത്താവിനെയും ആറ് മാസം പ്രായമായ കുട്ടിയേയും മർദിച്ചതായാണ് പരാതി.
ഇതിനിടെ മാല പൊട്ടിച്ചെടുത്തതായി യുവതി വൈക്കം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, മകളും ഭർത്താവും ഭർത്താവിന്റെ സുഹൃത്തുമൊപ്പം വീട്ടിൽ കയറി വഴക്കുണ്ടാക്കുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും കാണിച്ച് യുവതിയുടെ പിതാവും വൈക്കം പൊലീസിൽ പരാതി നൽകി. ഇരു കൂട്ടരുടെയും പരാതി ലഭിച്ചതായും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് വൈക്കം എസ്.ഐ. ആർ.രാജേഷ് പറഞ്ഞു.