ലോക അപൂര്‍വ്വരോഗ വാരത്തോടനുബന്ധിച്ച് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതരുടെ കൂട്ടായ്മ സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: ലോക അപൂര്‍വ്വരോഗ വാരം 2021 (വേള്‍ഡ് റെയര്‍ ഡിസീസസ് വീക്ക് 2021) ന്റെ ഭാഗമായി നട്ടെല്ലിന് ബാധിക്കുന്ന അപൂര്‍വ്വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) ബാധിതരായവരുടെ സംഗമം നടത്തി. ലോക വ്യാപകമായി നടക്കുന്ന പുതിയ പരീക്ഷണങ്ങളിലൂടെയും മരുന്നുകളിലൂടെയും പ്രതീക്ഷാനിര്‍ഭരമായ മാറ്റങ്ങള്‍ സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ സംഗമം പങ്കുവെച്ചു. ‘കളേഴ്‌സ് ഓഫ് ഹോപ്’ എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. 3 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവര്‍, 18 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ എസ് എം എ ബാധിതരെ തരംതിരിച്ച് ഗാനാലാപനം, മോണോ ആക്ട്, പ്രസംഗം, പെയിന്റിംഗ് മുതലായ വിവിധ തരം പരിപാടികള്‍ സംഘടിപ്പിച്ചു. നാല്‍പ്പതോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്.
കോവിഡ് പ്രോട്ടോക്കോളിന്റെയും നിലവിലെ സാഹചര്യത്തില്‍ എസ് എം എ ബാധിരായവരുടെ സുരക്ഷിതത്വത്തിന്റെയും ഭാഗമായി ഓണ്‍ലൈനായാണ് സംഗമം സംഘടിപ്പിച്ചത്. സംഗമത്തിന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക്‌സ് വിഭാഗം, ന്യൂറോളജി വിഭാഗം, ക്യുവര്‍ എസ് എം എ ഫൗണ്ടേഷന്‍, ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ. സ്മിലു മോഹന്‍ലാല്‍ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്) സ്വാഗതം പറഞ്ഞു. ഡോ. മോഹന്‍ദാസ് നായര്‍ (പ്രസിഡണ്ട്, ഐ എ പി കോഴിക്കോട്) ആമുഖ പ്രഭാഷണം നടത്തി, ഡോ. സുരേഷ് കുമാര്‍ ഇ കെ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്ട്്‌മെന്റ് മേധാവി, ആസ്റ്റര്‍ മിംസ് കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി, ഡോ. പ്രീത രമേഷ് (സീനയര്‍ കണ്‍സല്‍ട്ടന്റ് നിയോനാറ്റളജി വിഭാഗം ആസ്റ്റര്‍ മിംസ് കോഴിക്കോട്) മത്സര വിജയികളെ പ്രഖ്യാപിച്ചു.