
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് അടുത്ത കാലത്തായി ഹണി ട്രാപ്പ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ മോഷണ സംഘങ്ങൾ പോലും സ്ത്രീകളെ കെണിയ്ക്കായി ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ കൊച്ചിയിൽ പിടിയിലായ രണ്ടംഗ സംഘത്തിൽ സ്ത്രീകളെ ഉപയോഗിച്ചാണ് പ്രതികൾ ഇരകളെ കണ്ടെത്തിയത്.
അന്തർജില്ലാ കവർച്ചാ സംഘത്തിന്റെ തലവനായ യുവാവും കാമുകിയുമാണ് ഇരകളെ കണ്ടെത്തി കുടുക്കിയ കേസിൽ ഇപ്പോൾ പിടിയിലായിരിക്കുന്നത്. ആലപ്പുഴ എടത്വ സ്വദേശി വി. വിനീത്(22) ആലപ്പുഴ അവുലുകുന്ന് സ്വദേശി ഷിൻസി(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്ബലപ്പുഴ നീർക്കുന്നത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. രാത്രി യാത്രചെയ്യുന്നവരെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളുമടക്കം തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവനാണ് വിനീത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ കവർച്ചാക്കേസുകളിൽ പ്രതികളാണ് വിനീതും ഷിൻസിയും. തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കെ കോവിഡ് ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിനീത് ഒക്ടോബർ 24ന് ശുചിമുറിയുടെ വെന്റിലേറ്റർ ഇളക്കിമാറ്റി ചാടിപ്പോവുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ മോഷണമുതലുകൾ കണ്ടെടുക്കുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഷിൻസിയെ കൊല്ലം പാരിപ്പള്ളി പൊലീസിനും കൈമാറി. രാത്രി യാത്രചെയ്യുന്നവരെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി. ഇതിന് പുറമേ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നായി ആറ് പൾസർ ബൈക്കുകളും രണ്ട് ഓമ്‌നി വാനുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്.
കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാത്രികാല കവർച്ച വ്യാപകമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കവർച്ചാസംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞദിവസം പിടികൂടിയത്. ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേൽ എന്നിവരാണ് വ്യാഴാഴ്ച പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്നാണ് സംഘത്തിന്റെ തലവനായ വിനീതിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
പനങ്ങാട്, തൃക്കാക്കര, പാലാരിവട്ടം, കടവന്ത്ര, കളമശേരി, എറണാകുളം നോർത്ത്, പട്ടിമറ്റം, ആലപ്പുഴ ജില്ലയിലെ നെടുമുടി, പുളിങ്കീഴ്, മാവേലിക്കര, പത്തനംതിട്ടയിലെ കോടിപ്ര, കൊല്ലത്തെ കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, പാരിപ്പള്ളി, തിരുവനന്തപുരത്തെ കിളിമാനൂർ, തമിഴ്നാട്ടിലെ കന്യാകുമാരി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതികളാണ് ഇരുവരും. പനങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ എ. അനന്തലാൽ, എസ്ഐ.മാരായ റിജിൻ എ. തോമസ്, വി.ജെ. ജേക്കബ്, വി.എൻ. സുരേഷ്, സി.എം. ജോസി, മധു, എഎസ്ഐ.മാരായ ബിനു, പി. അനിൽകുമാർ, സി.പി.ഒ.മാരായ ഗുജ്‌റാൾ, സുധീഷ്, പ്രദീപ്, ഷീബ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.