play-sharp-fill
വീണ്ടും കേരളത്തിലേയ്ക്കു ചീഞ്ഞ മീൻ: ലോക്ക് ഡൗണിലായ ഏറ്റുമാനൂർ മീൻ മാർക്കറ്റിലേയ്ക്കു കൊണ്ടു വന്ന ഏഴു ടൺ പഴകിയ മീൻ മണർകാട്ട് റോഡരികിൽ നിന്നും പിടിച്ചെടുത്തു; പിടികൂടിയ മീൻ മാങ്ങാനത്ത് എത്തിച്ചു നശിപ്പിക്കും

വീണ്ടും കേരളത്തിലേയ്ക്കു ചീഞ്ഞ മീൻ: ലോക്ക് ഡൗണിലായ ഏറ്റുമാനൂർ മീൻ മാർക്കറ്റിലേയ്ക്കു കൊണ്ടു വന്ന ഏഴു ടൺ പഴകിയ മീൻ മണർകാട്ട് റോഡരികിൽ നിന്നും പിടിച്ചെടുത്തു; പിടികൂടിയ മീൻ മാങ്ങാനത്ത് എത്തിച്ചു നശിപ്പിക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിലെ തുടർന്നു അടച്ചിട്ടിരിക്കുന്ന ഏറ്റുമാനൂർ മാർക്കറ്റിലേയ്ക്കു വിശാഖപട്ടണത്തു നിന്നും എത്തിച്ച ഏഴു ടണ്ണോളം മീൻ മണർകാട്ടെ റോഡരികിൽ നിന്നും നാട്ടുകാർ പിടികൂടി. എന്നാൽ, ദുർഗന്ധം വമിക്കുന്ന മീൻ ഏറ്റെടുക്കാനും സംസ്‌കരിക്കാനും മണർകാട് പഞ്ചായത്ത് അധികൃതർ തയ്യാറായില്ല, തുടർന്നു വിജയപുരം പഞ്ചായത്ത് അധികൃതർ ഇടപെട്ട് മീൻ പഞ്ചായത്തിലെ മാങ്ങാനം പ്രദേശത്തേയ്ക്കു കൊണ്ടു പോയി. ഇവിലെ ആളൊഴിഞ്ഞ സ്ഥലത്ത് സംസ്‌കരിക്കുന്നതിനാണ് തീരുമാനം.

കഴിഞ്ഞ 29നാണ് വലിയ പെരുന്നാൾ കച്ചവടം ലക്ഷ്യമിട്ട് വിശാഖപട്ടണത്തു നിന്നും ഏഴു ലോഡ് മീൻ ഏറ്റുമാനൂർ മാർക്കറ്റിലേയ്ക്കു കയറ്റി വിട്ടത്. വറ്റ ഇനത്തിൽപ്പെട്ട മീനിൽ അമോണിയം അടക്കമുള്ള രാസ വസ്തുക്കൾ ചേർത്തിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ലോറി ഏറ്റുമാനൂർ നഗരസഭ പരിധിയിൽ എത്തുന്നത്. എന്നാൽ, കൊവിഡ് വ്യാപനത്തെ തുടർന്നു ഏറ്റുമാനൂരിനെ പ്രത്യേക ക്ലസ്റ്ററാക്കിയതിനാൽ മീൻ വണ്ടി മാർക്കറ്റിലേയ്ക്കു കയറ്റാൻ പോലും സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെയ്ൻമെന്റ് സോണായ ഏറ്റുമാനൂരിൽ മാർക്കറ്റിൽ മറ്റു സംസ്ഥാനത്തു നിന്നും എത്തിയ ലോറി പാർക്ക് ചെയ്യാൻ അധികൃതർ സമ്മതിച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചയോടെ ലോറി ഇവിടെ നിന്നും മാറ്റണമെന്ന നിർദേശം എത്തി. ഇതോടെ പാലക്കാട് സ്വദേശിയായ ഡ്രൈവറും മലപ്പുറം സ്വദേശിയായ ക്ലീനറും ചേർന്നു ലോറി ഏറ്റുമാനൂർ ബൈപ്പാസിലൂടെ മണർകാട് നാലുമണിക്കാറ്റിലേക്കു മാറ്റി.

ഇവിടെ ലോറി പാർക്ക് ചെയ്ത ശേഷം ഡ്രൈവറും ക്ലീനറും വിശ്രമിക്കുകയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാത്രി വൈകി ഇതുവഴി എത്തിയ നാട്ടുകാരാണ് ലോറിയിൽ നിന്നും ദുർഗന്ധം ഉയരുന്നതായി കണ്ടെത്തിയത്. ദുർഗന്ധത്തിനൊപ്പം മലിനജലം കൂടി ലോറിയിൽ നിന്നും പുറത്തേയ്ക്ക് ഒഴുകി ഇറങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചു.

പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ വ്യാഴാഴ്ച രാത്രി ഒമ്പതോടെ ലോറി മണർകാട്, വിജയപുരം പഞ്ചായത്തുകളുടെ അതിർത്തിയായ ഐരാറ്റുനടയിലേക്കു മാറ്റി. ഇന്നലെ രാവിലെ ലോറിയിൽ നിന്നു അസഹനീയമായ ഗന്ധം ഉയർന്നതിനെത്തുടർന്നു ഓട്ടോഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ലോറി തടയുകയും വിവരം പോലീസിലും പഞ്ചായത്തിലും അറിയിക്കുകയും ചെയ്തു.

പിന്നീട്, ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ സ്ഥലത്തെത്തി, മീൻ പഴകിയതാണെന്നു കണ്ടെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ മീൻ കുഴിച്ചു മൂടാൻ നിർദേശിച്ചു. ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ മീൻ ഭക്ഷ്യയോഗ്യമല്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ, പഴകിയ മീൻ പിടിച്ചെടുക്കണ്ടതും സംസ്‌കരിക്കേണ്ടതും ആരെന്നതിനെച്ചൊല്ലി മണർകാട്, വിജയപുരം പഞ്ചായത്തുകൾ തമ്മിൽ തർക്കമായി.

ലോറി തങ്ങളുടെ അതിർത്തിയിൽ അല്ല കിടക്കുന്നതെന്നു രണ്ടു പഞ്ചായത്തുകളും വാദിച്ചു. ഇതേ തുടർന്നു ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടു പഞ്ചായത്ത് അധികൃതരും തർക്കം തുടർന്നു. മണർകാട് പഞ്ചായത്ത് അധികൃതരാകട്ടെ സ്ഥലത്തേയ്ക്കു എത്താൻ പോലും തയ്യാറായില്ല.

കെ.കെ. റോഡിൽ ഐരാറ്റുനടയിൽ രണ്ടു പാലത്തിനുമിടയിലാണു ലോറി കിടക്കുന്നത്. മണർകാട്ടു നിന്നു വരുമ്പോഴുള്ള ആദ്യ പാലത്തിൽ പഞ്ചായത്ത് അതിർത്തി അവസാനിക്കുന്നുവെന്നാണു മണർകാട് പഞ്ചായത്തിന്റെ വാദം. എന്നാൽ, അതിർത്തി അടുത്ത പാലത്തിലാണ് അതിർത്തിയെന്നു വിജയപുരംകാരും നിലപാടെടുത്തു. വിജയപുരം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയെങ്കിലും മണർകാട് പഞ്ചായത്തിൽ നിന്ന് ആരും സ്ഥലത്തെത്തിയില്ലെന്നതു പ്രതിഷേധം വർധിപ്പിച്ചു.

ഏറ്റവും ഒടുവിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി തന്നെ മുൻകൈ എടുത്ത് മാലിന്യ സംസ്‌കരണത്തിനു നടപടി സ്വീകരിക്കുകയായിരുന്നു. വിജയപുരം പഞ്ചായത്തിലെ മാങ്ങാനം പ്രദേശത്തെ ജനവാസം കുറഞ്ഞ പ്രദേശത്ത് എത്തിച്ചു മീൻ കുഴിച്ചിടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.