
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊവിഡ് മരണം. രാവിലെ മരിച്ച കാരാപ്പുഴ സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അൻപതിലേറെ ആളുകൾ ഈ മരണ വീട്ടിൽ എത്തിയതായി നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാരാപ്പുഴ തയ്യിൽ മാടയ്ക്കൽ വാസപ്പൻ (89) ആണ് ഇന്നു രാവിലെ മരിച്ചത്.
വയോധികനായ വാസപ്പന് പനിയും ശ്വാസം മുട്ടലും അനുഭവപ്പെടുന്നുണ്ടായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു ബുധനാഴ്ച രാവിലെ ഇദ്ദേഹത്തെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഇവിടെ നിന്നും ഇദ്ദേഹത്തെ കൊവിഡ് സംശയിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു അയച്ചു. ഇവിടെ എത്തിച്ചു കൊവിഡ് പരിശോധന നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന മകൻ ഇതിനു തയ്യാറായില്ല. കൊവിഡ് ഭീതിയെ തുടർന്ന് ഇദ്ദേഹത്തെ ബലമായി മകൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടു പോകുകയായിരുന്നുവെന്നു മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
തുടർന്നു ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ച ഇദ്ദേഹം വ്യാഴാഴ്ച രാവിലെ മരിച്ചു. തുടർന്നു സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം എടുത്തപ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ ഇടപെട്ടു. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കാവൂ എന്നതായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിലപാട്. എന്നാൽ, കൊവിഡ് പരിശോധനയ്ക്കായി സ്രവം നൽകിയ വിവരം അറിയാതെ ആളുകൾ മരണവീട്ടിൽ എത്തി.
ഇതിനിടെ ഉച്ച കഴിഞ്ഞ് ഇദ്ദേഹത്തിനു കൊവിഡ് പോസിറ്റീവാണ് എന്ന പരിശോധനാ ഫലം വരികയായിരുന്നു. ഇതേ തുടർന്നു മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ, കൊവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം ഇനി ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ സംസ്‌കരിക്കാൻ സാധിക്കൂ. ഇതിനായി ഇനി ആരോഗ്യ വകുപ്പ് അധികൃതർ എത്തിച്ചേരേണ്ടതുണ്ട്. എന്നാൽ, ഇതുവരെയും ആരോഗ്യ വകുപ്പ് അധികൃതർ ഇനിയും സ്ഥലത്ത് എത്തിയിട്ടില്ല.
മരിച്ചയാൾക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, മരിച്ച വാസപ്പൻ ഏറെ നാളായി വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിൽ വാസപ്പന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണ് എന്ന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
വാസപ്പനുമായി അടുപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോടും, ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരും, മരണ സമയത്ത് വീട്ടിലെത്തിയവരോടും ക്വാറന്റയിനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസിനും വിവരം കൈമാറിയിട്ടുണ്ട്. കാരാപ്പുഴയിലും പരിസരത്തും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.