
കോട്ടയം നഗരമധ്യത്തിൽ ഫിനാൻസ് സ്ഥാപനത്തിന്റെ മറവിൽ അഞ്ചു കോടിരൂപയുടെ തട്ടിപ്പ്: സാധാരണക്കാരെപ്പറ്റിച്ച് കോടികൾ തട്ടിയെടുത്ത ബേക്കർ ജംഗ്ഷനിലെ കെ.ജി.കെ ഫിനാൻസ് ഉടമ അറസ്റ്റിൽ; തട്ടിപ്പ് നടത്തിയത് പാപ്പരായ കുന്നത്തുകളത്തിൽ ഫിനാൻസിലെ മുൻ ജീവനക്കാരൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആളുകളിൽ നിക്ഷേപം സ്വീകരിച്ച ശേഷം പലിശ നൽകാമെന്നു വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ ബേക്കർ ജംഗ്ഷനിലെ കെ.ജി.കെ ഫിനാൻസ് ഉടമ അറസ്റ്റിൽ. ഇരുപതിലേറെ ആളുകളിൽ നിന്നായി അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്. തട്ടിപ്പിനിരയായ രണ്ടു പേർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്.
തിരുനക്കര സമൂഹ മഠത്തിനു സമീപം തുഷാര ഭവനത്തിൽ ദേവദാസ് മകൻ ദിലീപിനെയാണ് (56) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അടച്ചുപൂട്ടിയ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ മുൻ ജീവനക്കാരനായിരുന്നു ഇയാൾ. ഇയാൾ തട്ടിപ്പിനായി കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ മുൻരേഖകളും ഉപയോഗിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ബേക്കർ ജംഗ്ഷനിലാണ് കെ.ജി.കെ ഫിനാൻസ് എന്ന പേരിൽ ഇയാൾ സ്ഥാപനം നടത്തിയിരുന്നത്. ഉയർന്ന പലിശ നൽകാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ ആളുകളിൽ നിന്നും നിക്ഷേപം ആകർഷിച്ചിരുന്നത്. ഇത്തരത്തിൽ നിക്ഷേപകർ പണം നിക്ഷേപിക്കുമ്പോൾ ആദ്യം കൃത്യമായി പലിശ നൽകുകയും പിന്നീട് പണം നൽകാതെ ആകുകയുമായിരുന്നു.
ഇത്തരത്തിൽ നിരവധി ആളുകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. തിരുനക്കര സ്വദേശികളായ രണ്ടു പേർ തങ്ങളുടെ 20 ലക്ഷം രൂപ വീതം നഷ്ടമായതായി കാട്ടി പരാതി നൽകിയതിനു പിന്നാലെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്. തുടർന്നാണ് പ്രതിയായ ദിലീപിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.
നിരവധി ആളുകളെ പ്രലോഭിപ്പിച്ചു പണം ഫിക്‌സിഡ് ഡെപ്പോസിറ് ആയി സ്വീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു പ്രതി. മാധ്യമങ്ങളിൽ വാർത്ത വരുന്നതിനു പിന്നാലെ കൂടുതൽ ആളുകൾ പരാതിയുമായി എത്തുമെന്ന സൂചനയാണ് പൊലീസിനു ലഭിക്കുന്നത്. സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.