രാജയോഗവുമായി രാജൻ ; കോട്ടയം കങ്ങഴ സ്വദേശിയായ എഴുപതുകാരൻ പപ്പടമുണ്ടാക്കി വിറ്റ് കണ്ടത് 40 രാജ്യങ്ങൾ ; ലോകംചുറ്റാനുള്ള ആഗ്രഹത്താൽ അൻപതാം വയസില്‍ ആദ്യം പറന്നത് ചൈനയിലേക്ക് ; അറിയാം രാജന്റെ പപ്പട യാത്ര വിശേഷങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : രാജന് ലോകമെന്നാല്‍ ഒരു പപ്പടവട്ടമേയുള്ളൂ. പക്ഷേ അവയിലെ കുമിളകള്‍ ഓരോന്നും ഓരോ ഭൂഖണ്ഡങ്ങളാണ്.

പപ്പടമുണ്ടാക്കി വിറ്റ് യാത്രതുടങ്ങിയ ഈ എഴുപതുകാരൻ 40 രാജ്യങ്ങളാണ് ഇതുവരെ സന്ദർശിച്ചത്. റഷ്യയില്‍നിന്ന് മടങ്ങിയെത്തിയത് ഒരാഴ്ച മുമ്ബാണ്. കോട്ടയം കങ്ങഴ ശിവോദയം ഭവനില്‍ പി കെ രാജന് പരമ്ബരാഗതമായി പപ്പടനിർമാണമാണ് തൊഴില്‍. യാത്രകള്‍ എന്നും ആവേശമാണ്. മൂന്നാറും ഊട്ടിയും മൈസൂരുമൊക്കെ സന്ദർശിച്ചാണ് തുടക്കം. ലോകംചുറ്റാനുള്ള ആഗ്രഹം മൂത്തപ്പോള്‍ അമ്ബതാം വയസില്‍ ആദ്യം പറന്നത് ചൈനയിലേക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈന കണ്ട് മടങ്ങിയപ്പോള്‍ വിദേശയാത്രകളോടുള്ള കമ്ബം വർധിച്ചു. ദീർഘയാത്രകള്‍ തൊഴിലിനെ ബാധിക്കുമെന്ന ആശങ്കയായിരുന്നു ആദ്യകാലത്ത്. പിന്നീട് പപ്പട വ്യവസായം വളരുകയും മൂത്ത മകൻ രാജേഷ് കാര്യങ്ങള്‍ നോക്കിത്തുടങ്ങുകയും ചെയ്തതോടെ പിന്നെ തിരിഞ്ഞു നോക്കിയില്ല. അമേരിക്ക, ഇറ്റലി, പോളണ്ട്, ജർമനി, യുകെ, ഗള്‍ഫ് രാജ്യങ്ങള്‍.. നിര നീണ്ടു.

‘‘കുറേ കാശുണ്ടാക്കിയിട്ട് എന്താ കാര്യം. ലോകം കാണണം. വിവിധ സംസ്കാരങ്ങള്‍ അറിയണം. യാത്രകള്‍ നമ്മളെ ഒരുപാട് മാറ്റും’’–- രാജന്റെ കണ്ണില്‍ തെളിയുന്നു, കണ്ട ലോകം. കണ്ട രാജ്യങ്ങളില്‍ ഏറ്റവും ഇഷ്ടം ന്യൂസിലൻഡ് ആണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു.

‘ശിവോദയം’ പപ്പട നിർമാണ കേന്ദ്രത്തിന് 55 വയസായി. 24 തൊഴിലാളികളുണ്ട്. യാത്ര കഴിഞ്ഞ് നാട്ടിലെത്തിയാല്‍ രാജൻ വീണ്ടും തൊഴിലില്‍ സജീവമാകും. യാത്രകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷും. കച്ചവടത്തിലെ തിരക്കുകള്‍ക്കിടയിലും അടുത്ത യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.