
സ്വന്തം ലേഖകൻ
കോട്ടയം: കടുത്തുരുത്തിയിൽ ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍നിന്നും തെറിച്ചു വീണു വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
ഡ്രൈവറുടെ ലൈസന്‍സ് 15 ദിവസത്തേക്കും കണ്ടക്ടറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കുമാണ് സസ്പെന്‍ഡ് ചെയ്തത്. സാധാരണ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഡ്രൈവര്‍ക്കെതിരെയാണ് നടപടികളുണ്ടാവാറുള്ളതെന്ന് അറിയിച്ച മോട്ടോര്‍ വാഹനവകുപ്പ് വിദ്യാര്‍ഥിനി ബസില്‍നിന്നു വീണു പരിക്കേറ്റ അപകടത്തില്‍ കണ്ടക്ടറാണ് പ്രധാന കാരണക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടക്ടര്‍ കെ.ടി. ജോഷിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത് ഇന്നലെ മുതലും ബസ് ഡ്രൈവര്‍ കല്ലറ നികര്‍ത്തില്‍ സുമേഷ് ശിവന്റെ ലൈസന്‍സ് ഓഗസ്റ്റ് ഒന്ന് മുതല്‍ 15 വരെയുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് വൈക്കം ജോയിന്റ് ആര്‍ടിഒ ഇന്‍ചാര്‍ജ് പി.ജി. കിഷോര്‍ അറിയിച്ചു.
ബസ് ജീവനക്കാരില്‍ നിന്നും യാത്രക്കാര്‍ക്ക് പ്രത്യേകിച്ചു വിദ്യാര്‍ഥികള്‍ക്കു മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ശക്തമായി ഇടപെടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കടുത്തുരുത്തി ഐറ്റിസി ജംഗ്ഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കല്ലറ തെക്കേപ്ലാച്ചേരില് ആല്‍ബീന ലിസ് ജയിംസി (17) നാണ് ബസില്‍നിന്നു വീണു പരിക്കേറ്റത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത് ബസ് ഡ്രൈവര്‍ക്കെതിരേ കടുത്തുരുത്തി പോലീസും കേസെടുത്തിരുന്നു.