കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ട വാവച്ചനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി; കാപ്പാ ചുമത്തിയത് പെരുമ്പായിക്കാട് സ്വദേശിക്കെതിരെ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.
കൊലപാതകശ്രമം, കവർച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഗാന്ധിനഗർ പെരുമ്പായിക്കാട് ,സംക്രാന്തി വാഴക്കാലാ ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് ഒറ്റപ്ലാക്കിൽ വീട്ടിൽ മോഹനൻ മകൻ ശ്രീദേവ് മോഹനൻ (വാവച്ചൻ -21) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഗാന്ധിനഗർ, മേലുകാവ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം, പിടിച്ചുപറി, ആംസ് ആക്ട്, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
മേലുകാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ബൈക്ക് മോഷണക്കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി കഴിഞ്ഞുവരവേയാണ് ഇയാളെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.
തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.