
സ്വന്തം ലേഖിക
കോട്ടയം: വിദേശത്ത് നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്നും 13,60,000 രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പി.വി (37), ഇയാളുടെ സഹോദരനായ പ്രവീഷ് പി.വി (31) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഇരുവരും ചേർന്ന് 2022 ൽ കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്നും ഇവരുടെ ചെന്നൈയിലുള്ള കൺസൾട്ടൻസി സ്ഥാപനം മുഖേന, യുകെയിൽ സീനിയർ കെയർ നേഴ്സ് ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിമൂന്നു ലക്ഷത്തി അറുപതിനായിരം രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു. ഇതിനുശേഷം ഇവർ യുവതിക്ക് ഒറിജിനൽ ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യാജ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
കൊടുത്ത പണം തിരികെ നല്‍കാതെയും , ജോലി ലഭിക്കാതിരുന്നതിനെയും തുടര്‍ന്ന് യുവതി ഇവര്‍ക്കെതിരെ പരാതി നല്‍കുകയും , കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത്, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവര്‍ക്ക് വൈക്കം പോലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജു പി.എസ്, എസ്.ഐ മാരായ അരുൺകുമാർ പി.എസ്, സജി ലൂക്കോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.