
കോട്ടയം ജില്ലയിലെ കനത്ത മഴയിൽ വലഞ്ഞ് ജനങ്ങള്‍; താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും വെള്ളത്തിനടിയിൽ; പല പ്രദേശത്തും മരം ഒടിഞ്ഞു വീടിന് മുകളിൽ വീണു; തിരുനക്കര ദേവസ്വം ക്യാമ്പ് ഷെഡ് മരക്കൊമ്പ് വീണു തകർന്നു; സിഎംഎസ് ഹൈസ്കൂളിന് സമീപം മരങ്ങള്‍ ഒടിഞ്ഞു റോഡിലേക്ക് പതിച്ചു; മറിയപ്പള്ളിയില്‍ ഇടിമിന്നലില്‍ വീടിന്‍റെ മേല്‍ക്കൂര തകർന്നു; പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു
കോട്ടയം: ഇന്നലെ ജില്ലയില്‍ പെയ്ത കനത്ത മഴയില്‍ വലഞ്ഞ് ജനങ്ങള്‍. അതിതീവ്ര മഴയ്ക്കൊപ്പം ഇടിയും മിന്നലും കാറ്റും ചേർന്നപ്പോള്‍ ദുരിതം ഇരട്ടിച്ചു.
പല പ്രദേശത്തും മരം ഒടിഞ്ഞു വീടിനു മുകളിലേക്ക് പതിച്ചു. താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും വെള്ളത്തിനടിയിലായി.
നഗരത്തില്‍ ബേക്കർ ജംഗ്ഷനില്‍ ഉണ്ടായ വെള്ളക്കെട്ട് വ്യാപാരികളെയും കാല്‍നടയാത്രികരെയും ആശങ്കയിലാഴ്ത്തി. തിരുനക്കര പകല്‍പൂരം കണ്ട് മടങ്ങാനായി വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ പൂരപ്രേമികളെയും മഴ വലച്ചു. പല ഭാഗങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് പലേടത്തും വൈദ്യുതിവിതരണം തടസപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ദേവസ്വം ക്യാമ്പ് ഷെഡ് മരക്കൊമ്പ് വീണു തകർന്നു. സിഎംഎസ് ഹൈസ്കൂളിന് സമീപം മരങ്ങള്‍ ഒടിഞ്ഞു റോഡിലേക്ക് പതിച്ചു. ചുങ്കം ചാലുകുന്നില്‍ മരം കടപുഴകി വീണു. പാറയ്ക്കല്‍ കടവില്‍ റോഡിനു നടുവില്‍ മരം വീണ് വൈദ്യുതി പോസ്റ്റ് പൂർണമായും തകർന്നു.
പാലാ ആണ്ടൂരില്‍ സഹോദരങ്ങള്‍ക്ക് ഇടിമിന്നലേറ്റു. പ
രിക്കേറ്റ ആൻ മരിയ (22), ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കല്‍ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മറിയപ്പള്ളിയില്‍ ഇടിമിന്നലില്‍ വീടിന്‍റെ മേല്‍ക്കൂര തകർന്നു.
കുരിശിങ്കല്‍ റിച്ചാർഡിന്‍റെ വീടിനാണ് മിന്നലേറ്റത്. ഈ സമയം വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഞ്ഞിക്കുഴി ദേവലോകം റോഡില്‍ മരം വീണു ഗതാഗത തടസം ഉണ്ടായി.
തിരുവാതുക്കല്‍ ഇല്ലിക്കല്‍ റോഡില്‍ വേളൂർ ഭാഗത്തും മരം കടപുഴകി. നാട്ടകം ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി.