video
play-sharp-fill

കോട്ടയം ജില്ലയിൽ കനത്ത മഴ; മലയോര മേഖലയിൽ ഉരുള്‍പൊട്ടലിനും മിന്നല്‍പ്രളയത്തിനും, മണ്ണിടിച്ചിലിനും സാധ്യത; താഴ്ന്ന പ്രദേശങ്ങളും ആറുകളും കരകവിഞ്ഞു; മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍

കോട്ടയം ജില്ലയിൽ കനത്ത മഴ; മലയോര മേഖലയിൽ ഉരുള്‍പൊട്ടലിനും മിന്നല്‍പ്രളയത്തിനും, മണ്ണിടിച്ചിലിനും സാധ്യത; താഴ്ന്ന പ്രദേശങ്ങളും ആറുകളും കരകവിഞ്ഞു; മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ ഉരുള്‍പൊട്ടലിനും മിന്നല്‍പ്രളയത്തിനും, മണ്ണിടിച്ചിലിനും സാധ്യതയേറി. താഴ്ന്ന പ്രദേശങ്ങളും ആറുകളും കരകവിഞ്ഞു ഒഴുകുന്നു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നാല്‍ കുട്ടനാടന്‍മേഖലയില്‍ മടവീഴ്ചയുണ്ടാകും.

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻമേഖല വെള്ളക്കപ്പൊക്ക ഭീഷണിയിലും, മലയോരം മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. ഒപ്പം ഉരുള്‍പൊട്ടലുണ്ടാകുമെന്ന ആശങ്കയിലുമാണ് ജനം. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളും തോടുകളും ആറുകളും കരകവിഞ്ഞു ഒഴുകുകയാണ്. വെള്ളിയാഴ്ച ആരംഭിച്ച മഴ ജില്ലയില്‍ തിമിര്‍ത്തു പെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്തമഴ മുൻനിറുത്തി വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരമേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് അധികൃതര്‍  മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം തീക്കോയി, തലനാട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.

മഴ തുടര്‍ന്നാല്‍ ഇന്ന് മിക്ക സ്ഥലങ്ങളിലും വെള്ളം കയറും. പടിഞ്ഞാറൻ പ്രദേശങ്ങളിലെ തോടുകളിലും വെള്ളം ഉയരുകയാണ്. താഴ്ന്ന പാടങ്ങളിലും വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചാല്‍ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതായി പടിഞ്ഞാറൻ നിവാസികള്‍ പറയുന്നു. ഇത് മുന്നില്‍ക്കണ്ടുള്ള  തയ്യാറെടുപ്പുകളും തുടങ്ങി.

മണിമലയാറിലും ചിറ്റാര്‍പുഴയിലും ക്രമാതീതമായി ജലനിരപ്പുയര്‍ന്നിട്ടുണ്ട്. കൈതോടുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന സ്ഥിതിയുണ്ട്. പലയിടങ്ങളിലെയും റബര്‍ തോട്ടങ്ങളിലടക്കം വെള്ളം കയറിയ നിലയിലാണ്.

മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയപാത 183 ല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. 2021ല്‍ ഇങ്ങനെ പെയ്ത മഴയാണ് കൂട്ടിക്കല്‍, മുണ്ടക്കയം മേഖലയെ ദുരിതത്തിലാഴ്ത്തിയത്. പെരുവന്താനം മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് മണ്ണിടിച്ചില്‍ ഭീഷണി ഏറെയുള്ളത്. ഇവിടങ്ങളില്‍ പലയിടത്തും ചെറിയ തോതില്‍ മണ്ണിടിഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ രാത്രികാല യാത്ര ഒഴിവാക്കുകയാണ് യാത്രക്കാരിലേറെയും.

കനത്ത മഴയില്‍ കുരിശുങ്കലിലുള്ള ഭാരത് പെട്രോളിയം പെട്രോള്‍ പമ്ബിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ഇവിടെ പാര്‍ക്ക് ചെയ്ത സ്കൂട്ടര്‍ താഴേക്കു പതിച്ചു. ഇവിടെ തന്നെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കുഴിയിലേക്ക് പതിക്കാറായ നിലയിലായിരുന്നു.

ഇത് മറ്റൊരു വാഹനത്തിന്‍റെ സഹായത്താല്‍ കെട്ടി വലിച്ച്‌ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 4.30 യോ‌ടെയായിരുന്നു സംഭവം. 20 അടിയോളം പൊക്കമുള്ള സംരക്ഷണഭിത്തിയാണ് തകര്‍ന്നു വീണത്.

ഇതിനു സമീപം കെട്ടിട നിര്‍മാണത്തിനായി മണ്ണെടുത്തു മാറ്റിയിരുന്നു. മഴ തുടര്‍ന്നാല്‍ ബാക്കി ഭാഗവും ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.

കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ – 04828 – 202331