
കോട്ടയം: ശക്തമായ വേനല്‍ച്ചൂടില്‍ പാല്‍ ഉത്പാദനം കുറഞ്ഞതോടെ ക്ഷീരകർഷകർ പ്രതിസന്ധിയില്‍.
10 മുതല്‍ 25 ശതമാനം വരെ പാല്‍ ഉത്പാദനത്തില്‍ കുറവുണ്ടാകുന്നതായി കർഷകർ പറയുന്നു.
വേനലിന്റെ തുടക്കത്തിലേ ഇതാണ് അവസ്ഥയെങ്കില്‍ മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൻ തിരിച്ചടി ഭയക്കുകയാണ് കർഷകർ.
എരുമയും പോത്തും വളർത്തുന്ന കർഷകർ ഉരുക്കളെ ചൂടില്‍ നിന്നു സംരക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ്. പശുക്കളേക്കാള്‍ തണുപ്പ് ആവശ്യമുള്ള ഇവയെ, സൗകര്യമുള്ളവർ കുളത്തിലും പാടത്തും ഇറക്കിയാണ് സംരക്ഷണം ഒരുക്കുന്നത്. ഈ സൗകര്യങ്ങള്‍ ഇല്ലാത്തവർ കൂടുതല്‍ നേരം നനച്ച് ആരോഗ്യം സംരക്ഷിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് കോട്ടയത്താണ്. കഴിഞ്ഞ ദിവസം പകല്‍ താപനില 36 ഡിഗ്രി പിന്നിട്ടിരുന്നു. രണ്ട് നേരം കുളിപ്പിക്കുകയും നനയ്ക്കുകയും ചെയ്തിട്ടും ഉച്ചയാകുന്നതോടെ കന്നുകാലികള്‍ കിതയ്ക്കുകയാണ്. ഉച്ചകഴിഞ്ഞുള്ള കറവയിലാണ് ഉത്പാദനക്കുറവ് കൂടുതല്‍.
ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയ്ക്കു മുകളില്‍ ഓലയിട്ടും ഫാൻ ഘടിപ്പിച്ചും തുടരെ നനച്ചുമൊക്കെ കാലികളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് കർഷകർ. എന്നാല്‍, ചെറുകിട കർഷകർക്ക് താങ്ങാനാവാത്ത വിധം ചെലവു വർദ്ധിക്കാൻ ഇതു കാരണമാകുന്നു.
ചെറുകിട കർഷകരില്‍ പലരും മരത്തണലിലേക്ക് കാലികളെ മാറ്റിക്കെട്ടിയാണ് ചൂടില്‍ നിന്നു സംരക്ഷണം ഒരുക്കുന്നത്. പച്ചപ്പുല്‍ ക്ഷാമവും കന്നുകാലികളുടെ ആരോഗ്യത്തിന് വെല്ലുവിളിയായി. വേനല്‍ കനത്തതോടെ പുല്ലു കരിഞ്ഞുണങ്ങി. പാടശേഖരങ്ങളില്‍ നിന്നു പുല്ലു വിലയ്ക്കു വാങ്ങിയാണ് മിക്ക കർഷകരും കാലികളെ വളർത്തുന്നത്.
വേനലായതോടെ പുല്ലിന്റെ വിലയും വർദ്ധിച്ചു. കൈതപ്പോളയും വാഴപ്പിണ്ടിയും നല്‍കി തീറ്റച്ചെലവ് കുറയ്ക്കാനും കർഷകർ ശ്രമിക്കുന്നുണ്ട്.




