
കോട്ടയത്തെ വീണ്ടും കോവിഡ് ഭീതിയിലാഴ്ത്തി വാട്‌സ്അപ്പ് വാർത്ത: തമിഴ്‌നാട്ടിലെ ഹോട്ട് സ്‌പോട്ടിൽ നിന്നെത്തിയ 28 യുവാക്കൾ ക്വാറന്റൈനിൽ നിന്നും ചാടി കോട്ടയത്ത് കറക്കത്തിൽ..! ഞെട്ടിക്കുന്ന വാർത്തയ്ക്കു പിന്നിലെ സത്യം തേർഡ് ഐ ന്യൂസ് ലൈവിന്
തേർഡ് ഐ ബ്യൂറോ
കോട്ടയം: തമിഴ്‌നാട്ടിലെ ഹോട്ട് സ്‌പോട്ടിൽ നിന്നും ക്വാറന്റൈൻ നിർദേശിച്ച് കോട്ടയത്തിന് അയച്ച 28 യുവാക്കൾ മുങ്ങി..! ഇവർ കോട്ടയത്ത് കറങ്ങി നടക്കുന്നു. കോട്ടയം വീണ്ടും കൊറോണ ഭീതിയിൽ. രണ്ടു ദിവസമായി കോട്ടയത്തെ വിവിധ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തയാണ് ഇത്. റെഡ് സോണിൽ നിന്നും പുറത്തു കടക്കുന്നതിനായി അതികഠിനമായി പരിശ്രമിക്കുന്ന ജില്ലയെ ഭീതിയിലാക്കുന്ന വാർത്തയാണ് മാധ്യമങ്ങളിലൂടെ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്കു ആളുകളെ കൊണ്ടു വരാൻ തുടങ്ങിയതിനു പിന്നാലെയാണ് വ്യാപകമായി വ്യാജ വാർത്തകൾ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ചത്. കേരളത്തിലേയ്ക്കു എത്തുന്നവരെ അതിർത്തിയിൽ നിരീക്ഷിച്ച് രോഗമില്ലെന്നു ഉറപ്പാക്കിയ ശേഷമാണ് ഇപ്പോൾ അയക്കുന്നത്. ഇവരെ ക്വാറന്റൈൻ ചെയ്യാൻ വിവിധ ക്രമീകരണങ്ങളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ വ്യാജ വാർത്ത പ്രചരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിലെ ഹോട്ട്‌സ്‌പോട്ട് മേഖലയായ തിരുവള്ളൂരിൽ നിന്നും കോട്ടയത്തേയ്ക്കു എത്തിയ 28 വിദ്യാർത്ഥികൾ ക്വാറന്റൈനിൽ പോകാതെ മുങ്ങിയിരിക്കുകയാണെന്നാണ് വാർത്ത പ്രചരിക്കുന്നത്. ഈ വാട്‌സ്അപ്പ് സന്ദേശത്തിനു പിന്നാലെ വിവിധ മാധ്യമങ്ങൾ ഇതു വാർത്തയാക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ കോട്ടയത്തെ ഭീതിയിലാക്കുന്നത്.
പ്രചരിക്കുന്ന വാട്‌സ്അപ്പ് സന്ദേശം ഇങ്ങനെ –
ശ്രദ്ധിക്കുക
തമിഴ്നാട്ടിലെ അതി തീവ്ര മേഖലയായ തിരുവള്ളൂരിൽ നിന്നും കോട്ടയത്ത് വന്ന വിദ്യാർത്ഥികളിൽ 28 പേർ ക്വോറന്റൈനിൽ പോകാതെ മുങ്ങിയിരിക്കുന്നു ഇവരെക്കുറിച്ചു നിലവിൽ ഒരു വിവരവുമില്ല ഇവരെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിച്ചാൽ അപ്പോൾ തന്നെ പോലീസ്സ്റ്റേഷനിൽ അറിയിക്കുക. ഇവർ സർക്കാർ ക്വോറന്റൈനിൽ പോകാതെ മുങ്ങിയവർ ആണ് നിങ്ങളുടെ പരിസരത്തു തമിഴ് നാട്ടിൽ പഠിക്കാൻ പോയവരെക്കുറിച്ചു അന്വേഷിക്കുക ഈ മെസ്സേജ് ഇപ്പോൾ തന്നെ ഷെയർ ചെയ്യുക ജാഗ്രത കാണിക്കുക സൂക്ഷിക്കുക ഇനിയും ഒരു ലോക്ഡൗൺ നമുക്ക് താങ്ങാൻ പറ്റില്ലന്നറിയുക ഒപ്പം ജാഗ്രതക്കുറവ് മൂലം അനേകരാജ്യങ്ങളിൽ സംഭവിച്ചത് നമുക്ക് ദൃഷ്ടന്തമാകുന്നു
എന്നാൽ, പലരും ഈ സന്ദേശം അയച്ചു നൽകുകയും, ഭയന്നു വിറച്ച് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് വിഷയം സംബന്ധിച്ചു അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് സംഭവത്തിനു പിന്നിലെ നിജസ്ഥിതി കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ വിവിധ കോളേജ് ഹോസ്റ്റലുകളിൽ കുടുങ്ങിക്കിടന്നവരാണ് ഈ 28 യുവാക്കളും. ഇവർ സംസ്ഥാന സർക്കാർ നാട്ടിലേയ്ക്കു മടങ്ങിയെത്താൻ നിർദേശിച്ച ഉടൻ തന്നെ തിരികെ എത്തുകയായിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിന്നും പരിശോധനകൾക്കു ശേഷം ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്കു അയക്കുകയായിരുന്നു. എന്നാൽ, ഇവർ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്താതെ മുങ്ങുകയായിരുന്നു.
ഇവർ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്താതെ പോയതോടെയാണ് മുങ്ങിയതായി വാർത്ത പ്രചരിച്ചത്. വിവിധ മാധ്യമങ്ങളും വാട്‌സ്അപ്പ് ഗ്രൂപ്പുകളും ഇത് ഏറ്റെടുത്ത് പ്രചാരണം ആരംഭിച്ചതോടെ ജില്ലാ ഭരണകൂടവും ആശങ്കയിലും സമ്മർദത്തിലുമായി. തുടർന്നു ജില്ലാ ഭരണകൂടം പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തി ഈ യുവാക്കളെ കണ്ടെത്തി. ഇവരെല്ലാവരും വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്നു ജില്ലാ ഭരണകൂടം ഉറപ്പിച്ചു.
ആളുകളുടെ ഭീതി അകറ്റുന്നതിനായി ഇവരെ ആദ്യം അറസ്റ്റ് ചെയ്തു ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്കു മാറ്റുന്നതിനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഇവരെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കേണ്ടെന്നു പിന്നീട് തീരുമാനിക്കുകയായിരുന്നു. യുവാക്കളും വിദ്യാർത്ഥികളുമായതിനാൽ കേസെടുക്കേണ്ടെന്നും തീരുമാനിച്ചു. തുടർന്നു ഇവരോടു കർശനമായി തന്നെ വീടുകളിൽ ക്വാറന്റൈനിൽ കഴിയാനും നിർദേശിക്കുകയായിരുന്നു. ഇവർ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നില്ലെന്നു ഉറപ്പാക്കാൻ പൊലീസിന്റെ കർശന നിരീക്ഷണവും ഉണ്ടാകും.
നിലവിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർത്ഥികൾ ആരും തന്നെ രോഗ ലക്ഷണങ്ങൾ ഉള്ളവർ അല്ലെന്നു ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. വിദ്യാർത്ഥികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു ആശങ്കകൾ ഒന്നും നിലവിലില്ല. ഇവർ നാട്ടിലിറങ്ങി കറങ്ങി നടക്കുകയാണ് എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു.