കോട്ടയം ഗവണ്‍മെന്‍റ് നഴ്‌സിംഗ് കോളജ് റാഗിങ് ; രാവു പുലരുവോളം മൂന്നു മാസം മൃഗീയമായി പീഡിപ്പിച്ചു ; പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കരിങ്കല്ല്, റൂള്‍ത്തടി, ഡംബല്‍ തുടങ്ങിയ അനുവദനീയമല്ലാത്ത സാധനങ്ങൾ ; പുറത്ത് വരുന്നത് അതിക്രൂരമായ പീഡനമുറകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ

Spread the love

കോട്ടയം: കോട്ടയം ഗവണ്‍മെന്‍റ് നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ചത് കത്തി, ഇരുമ്പ് കമ്പി, റൂള്‍ത്തടി, കരിങ്കല്ല്, മെറ്റല്‍, മദ്യക്കുപ്പി, ഡംബല്‍, വിപ്ലവ പോസ്റ്ററുകള്‍, വിദ്യാര്‍ഥി സംഘടനയുടെ കൊടി തുടങ്ങി നിരവധി സാധനങ്ങള്‍.

ജൂനിയര്‍ വിദ്യാര്‍ഥികളെ രാവു പുലരുവോളം മൂന്നു മാസം മൃഗീയമായി പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ഥികളുടെ മുറിയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയിലാണ് അനുവദനീയമല്ലാത്ത സാധനങ്ങള്‍ കണ്ടെത്തിയത്.

കുത്താനും കീറി മുറിക്കാനും ഉപയോഗിച്ചിരുന്ന കോമ്പസ്, ഡിവൈഡര്‍, പേനാക്കത്തി, ആണി, മൊട്ടുസൂചി, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും കണ്ടെടുത്തു. കഞ്ചാവ് കണ്ടെത്താനായില്ലെങ്കിലും പ്രതികള്‍ കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായാണ് സൂചനകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തിയും കീറിയും പരിക്കേല്‍പ്പിച്ച മുറിവുകളില്‍ ഉപയോഗിച്ച ലോഷനും പേസ്റ്റും മുളകുപൊടിയും കണ്ടെടുത്തിട്ടുണ്ട്. മുറിയിലെ മുഴുവന്‍ സാധനങ്ങളും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളുടെ മുറികള്‍ സീല്‍ ചെയ്തു.

ഹോസ്റ്റല്‍ മുറിയില്‍നിന്നും കിട്ടിയ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇന്നോ നാളെയോ പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം ഹോസ്റ്റലില്‍ എത്തിച്ച്‌ വിശദമായ തെളിവെടുപ്പ് നടത്തും. ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുപ്പ് തുടരുകയാണ്. അതേസമയം അതിക്രൂരമായ പീഡനമുറകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏതാനും വിദ്യാര്‍ഥികള്‍ പോലീസിനെ ധരിപ്പിച്ചത്.

പീഡനത്തിനിരയായ നാല് വിദ്യാര്‍ഥികള്‍ കൂടി കോളജിലെ ആന്‍റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിലൊരാള്‍ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. കൊടുംക്രിമിനലുകളായ പ്രതികള്‍ ഇരകകളുടെ ശരീരമാസകലം ഷേവ് ചെയ്തെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അര്‍ധരാത്രി ക്രൂര പീഡനം നടക്കുമ്ബോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥി മുറിയില്‍ കൊല്ലാക്കൊല നടക്കുന്ന വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നും പറയുന്നു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ പുറത്താക്കിയിട്ടുണ്ട്.