
കോട്ടയം: മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടുപേർ പോലീസിന്റെ പിടിയിൽ.
പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ ഗുരുജി എന്ന് വിളിക്കുന്ന ഗിരീഷ് കുമാർ (49), തിരുവല്ല ഇരവിപേരൂർ വള്ളംകുളം കാവുമുറി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടില്‍ വിനീത് രവികുമാറിന്റെ ഭാര്യ ഗോപിക വിനീത് (22) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പത്ത് പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികൾക്ക് കഞ്ചാവ് കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നും പൈസ വാങ്ങിയെടുത്തതിനുശേഷം പത്രക്കടലാസ് പൊതിഞ്ഞുകൊടുത്ത് ഇവരെ കബളിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ തുടർന്നുണ്ടായ വിരോധംമൂലമാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിനു ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിനീത് രവികുമാർ,അഭിഷേക് പി നായർ, ചിക്കു എന്ന് വിളിക്കുന്ന ലിബിൻ ഡി, സതീഷ്, സജീദ്,രതീഷ് കുമാർ എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഗിരീഷ് കുമാറിന് കോയിപ്രം,തിരുവല്ല എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്.
ഗാന്ധിനഗർ എസ്. ഓ എച്ച്.ഓ ഷിജി.കെ. എസ്.ഐ മാരായ പ്രദീപ് ലാൽ, മനോജ്, സി.പി.ഓ മാരായ പ്രവീണോ,രാഗേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.