സ്വന്തം ലേഖകൻ
തിരുവാർപ്പ്: ബന്ദിപ്പൂ വിളവെടുത്ത് ഓണത്തെ വരവേൽക്കാനൊരുങ്ങി തിരുവാർപ്പ് പഞ്ചായത്തിലെ 15–ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ.
‘ഓണത്തിന് ഒരു കുട്ട പൂവ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തിനു സമീപത്തുള്ള ജലജ, സുജാത എന്നിവരുടെ 10 സെന്റ് വീതമുള്ള 2 പറമ്പുകളിലായി കൃഷി നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
6 അംഗങ്ങളുള്ള സംഘത്തിന്റെ പ്രയത്നത്തിന്റെ ഫലമായാണ് 20 സെന്റിൽ നിറഞ്ഞുനിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ബന്ദിപ്പൂക്കൾ.
സൗമ്യ ഷാജി, ജലജമ്മ, സുമോൾ ആനന്ദൻ, ബിജി അജയൻ, ബിജി ജോൺസൻ, സതി ബിജു എന്നിവർ ചേർന്നാണ് കൃഷി ചെയ്യുന്നത്.
തിരുവാർപ്പ് കൃഷി ഓഫിസിൽ നിന്ന് ലഭിച്ച ഒരുമാസം പ്രായമുള്ള 2000 തോളം തൈകളാണ് ഇവർ ഉപയോഗിച്ചത്.
കഴിഞ്ഞ വർഷമാണ് പദ്ധതി വഴി കൃഷി ആരംഭിച്ചതെങ്കിലും നിലമൊരുക്കുന്നതിനായും മറ്റും നല്ല ചെലവ് വന്നതിനാൽ മുടക്കു മുതൽ മാത്രമേ തിരികെ ലഭിച്ചുള്ളൂ.
അതിനാൽ ഇത്തവണ മികച്ച ലാഭം പ്രതീക്ഷിക്കുന്നു. പൂക്കൃഷി നടക്കുന്നതറിഞ്ഞ് ചിലർ സ്ഥലത്തെത്തി വാങ്ങുന്നുണ്ടെന്നും മികച്ച ഓർഡറുകൾ പ്രതീക്ഷിക്കുന്നതായും അവർ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ, വാർഡ് മെംബർ കെ.ബി.ശിവദാസ്, പഞ്ചായത്ത് തൊഴിലുറപ്പ് അധികൃതർ, കൃഷിവകുപ്പ് അധികൃതർ എന്നിവർ എല്ലാവിധ സഹായങ്ങളുമായി ഇവർക്കൊപ്പമുണ്ട്.