കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം എന്നിവിടങ്ങളിൽ എലിപ്പനി വ്യാപനം; പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ വിതരണം ഊര്‍ജ്ജിതമാക്കും; കർമ്മപദ്ധതിക്ക് തുടക്കം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ എലിപ്പനി കൂടുതലായി കണ്ടെത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.

ഏറ്റുമാനൂര്‍, വൈക്കം ബ്ലോക്കുകള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകള്‍ എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി കണ്ടെത്തുന്നത്. പ്രദേശങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ഓട, കുളം, ചാലുകള്‍ എന്നിവ ശുചീകരിക്കുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, വെള്ളക്കെട്ടുമായി സമ്പര്‍ക്കമുണ്ടായവര്‍ എന്നിവരുടെയും മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെയും വീടുകളില്‍ 20, 21, 22 തീയതികളിലായി ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരുന്ന് എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനിയോടൊപ്പം കണ്ണിന് ചുമപ്പു നിറം, മൂത്രത്തിന് മഞ്ഞ അല്ലെങ്കില്‍ കടുത്ത നിറം, പേശീവേദന, തലവേദന, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവയിലേതെങ്കിലും കണ്ടാല്‍ എലിപ്പനി സാധ്യത സംശയിക്കണം. പനി ബാധിതര്‍ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ സന്ദര്‍ശിച്ച്‌ വിദഗ്ധ ചികിത്സ തേടണം.

എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച്‌ അശാസ്ത്രീയ ചികിത്സാമാര്‍ഗങ്ങള്‍ തേടി വിദഗ്ധ ചികിത്സ താമസിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ ജോലി സമയത്ത് കൈയുറ, ഗംബൂട്ടുകള്‍ എന്നിവ ധരിക്കുന്നതു രോഗാണു ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത് തടയും. ശരീരത്തില്‍ മുറിവുള്ളവര്‍ മലിനജല സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തുടക്കത്തില്‍തന്നെ വിദഗ്ധ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാനാകും. കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാതെ കരള്‍, വൃക്ക എന്നിവയെ ബാധിച്ച്‌ മരണത്തിനു കാരണമാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ഡിഎംഒ പറഞ്ഞു.