വോട്ടെണ്ണൽ നടക്കുക 17 കേന്ദ്രങ്ങളിൽ; തയ്യാറെടുപ്പ് പൂർത്തിയാക്കി ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ;  ഫലം തേർഡ് ഐ ന്യൂസ് ലൈവിൽ തൽസമയം

വോട്ടെണ്ണൽ നടക്കുക 17 കേന്ദ്രങ്ങളിൽ; തയ്യാറെടുപ്പ് പൂർത്തിയാക്കി ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ഫലം തേർഡ് ഐ ന്യൂസ് ലൈവിൽ തൽസമയം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടെണ്ണലിനു രാവിലെ തുടക്കമാകും. രാവിലെ എട്ടു മുതൽ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ജില്ലാ പഞ്ചായത്തിലെ തപാൽ വോട്ടുകൾ എണ്ണുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുമുണ്ട്.

വിവിധ തലങ്ങളിലായി ആകെ 5432 സ്ഥാനാർത്ഥികളാണുള്ളത്. ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകൾ-146, ഗ്രാമപഞ്ചായത്തുകൾ-1140, മുനിസിപ്പാലിറ്റികൾ-204 എന്നിങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം. ജില്ലയിൽ ആകെയുള്ള 1613627 വോട്ടർമാരിൽ 1193228 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടെണ്ണലിന്റെ അന്തിമ ക്രമീകരണങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന വിവിധ കേന്ദ്രങ്ങളിൽ വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണവുമായി രാഷ്ട്രീയ പാർട്ടികൾ
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇന്നലെ അണുവിമുക്തമാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക മാർഗനിർദേശങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ മേശകളും ഉദ്യോഗസ്ഥരുടെയും കൗണ്ടിംഗ് ഏജൻറുമാരുടെയും ഇരിപ്പിടങ്ങളും ക്രമീകരിക്കുക. വരണാധികാരികൾക്കു പുറമെ ഉപവരണാധികാരികൾ, വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥികളുടെ ഏജന്റുമാർ, കൗണ്ടിംഗ് പാസ് ലഭിച്ച ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുള്ളത്. വോട്ടെണ്ണലിലും ആഹ്ളാദ പ്രകടനങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന് ശ്രദ്ധ പുലർത്തണമെന്ന് ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ജില്ലാ കളക്ടർ എം. അഞ്ജന നിർദേശിച്ചു. കൊവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കുമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു.

വോട്ടെണ്ണൽ മേശകളുടെ ക്രമീകരണം
ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്കായി പ്രത്യേകം കൗണ്ടിംഗ് ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി എട്ടു പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു വോട്ടെണ്ണൽ മേശ എന്ന രീതിയിലാണ് സജ്ജീകരണം. ഇത്തരത്തിൽ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി വോട്ടെണ്ണൽ മേശകൾ ഉണ്ടാകും.

പോസ്റ്റൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. ഓരോ തലത്തിലെയും പോസ്റ്റൽ വോട്ടുകൾ അതത് തലങ്ങളിലെ വരണാധികാരികളാണ് എണ്ണുക. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലായിരിക്കും വോട്ടെണ്ണൽ. ത്രിതല പഞ്ചായത്തുകൾക്ക് ഓരോ വോട്ടെണ്ണൽ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റുമാകും ഉണ്ടാവുക. ടാബുലേഷൻ, പായ്ക്കിംഗ് എന്നിവയ്ക്കായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ഫലപ്രഖ്യാപനം ഇങ്ങനെ
വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലെയും ഫലപ്രഖ്യാപനം അതത് ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും. വിവിധ ഗ്രാമപഞ്ചായത്ത് വോട്ടെണ്ണൽ മേശകളിൽനിന്നും ലഭിക്കുന്ന ടാബുലേഷൻ ഷീറ്റുകൾ പരിശോധിച്ച് ഓരോ ബ്ലോക്ക് ഡിവിഷനിലെയും വോട്ടുകൾ കണക്കാക്കി ഫലപ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി നിർവഹിക്കും. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന ടാബുലേഷൻ ഷീറ്റുകളുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് ഫലം പ്രഖ്യാപിക്കുക.

തത്സമയം ലഭിക്കാൻ ട്രെൻഡ്
വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് ഓൺലൈൻ സംവിധാനം സജ്ജമായി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി നാഷണൽ ഇൻഫർമാറ്റിക് സെന്റർ തയ്യാറാക്കിയ ട്രെൻഡ് വെബ്‌സൈറ്റിലൂടെയാണ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വാർഡ് തലം വരെയുള്ള വിവരങ്ങൾ ലഭിക്കുക.

രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ വിവരങ്ങൾ തത്സമയം വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിന് എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് ഡാറ്റാ അപ് ലോഡിംഗ് കേന്ദ്രത്തിൻറെ ചുതമല വഹിക്കുക. കെൽട്രോൺ, ബി.എസ്.എൻ.എൽ, കെസ്വാൻ എന്നിവിടങ്ങളിലെ വിദഗ്ധരാണ് സാങ്കേതിക മേൽനോട്ടം .