video
play-sharp-fill
എങ്ങും എത്താതെ തർക്കവും ഉടക്കും: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരത്തിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച; കോട്ടയത്തും ഏറ്റുമാനൂരിലും ടോസുണ്ടാകും

എങ്ങും എത്താതെ തർക്കവും ഉടക്കും: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരത്തിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച; കോട്ടയത്തും ഏറ്റുമാനൂരിലും ടോസുണ്ടാകും

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭകളിൽ അധികാരം പിടിക്കാനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. കൃത്യമായി ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയത്തും, ഏറ്റുമാനൂരിലും ചെയർമാനെ തിരഞ്ഞെടുക്കാൻ ടോസ് തന്നെ വേണ്ടി വന്നേയ്ക്കും.

കോട്ടയം നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പിന്തുണ യു.ഡി.എഫ് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ഇടതു മുന്നണിയ്ക്കും യു.ഡി.എഫിനും 22 സീറ്റ് വീതമായി. എട്ടു സീറ്റാണ് ബി.ജെ.പിയ്ക്കുള്ളത്. സ്വതന്ത്ര ബിൻസി സെബാസ്റ്റ്യനെ അഞ്ചു വർഷവും ചെയർമാനാക്കാമെന്ന ധാരണയിലാണ് ഇവർ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. എന്നാൽ ഇരു മുന്നണികൾക്കും 22 സീറ്റായതിനാൽ തിരഞ്ഞെടുപ്പിന് ശേഷം ചെയർപേഴ്സണെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടി വരും. എന്നാൽ, വോട്ടെടുപ്പിൽ ആരെങ്കിലും വോട്ട് അസാധുവാക്കുകയോ, മാറ്റിക്കുത്തുകയോ ചെയ്താലും ഏതിർ മുന്നണിയ്ക്ക് ഭരണം ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഇടതു മുന്നണിയിൽ നിന്നും അഡ്വ.ഷീജാ അനിലിന്റെയും ടി.എൻ സരസമ്മാളിന്റെയും പേരുകളാണ് പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു സ്വതന്ത്രരാണ് ഏറ്റുമാനൂരിൽ ഭരണം ആർക്കെന്നു തീരുമാനിക്കുന്നത്. ബീനാ ഷാജി, സുനിത ബിനീഷ്, വിജി ജോർജ് എന്നീ സ്വതന്ത്രർ ഇരു മുന്നണികളുമായി ചർച്ച നടത്തുന്നുണ്ട്. അദ്ധ്യക്ഷ സ്ഥാനം വേണമെന്നാണ് ബീനയുടെ നിലപാട്. സുനിതയ്ക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം വേണമെന്നും. ആകെ 35 സീറ്റുള്ള നഗരസഭയിൽ എൽ.ഡി.എഫിന് 12 സീറ്റും യു.ഡി.എഫിന് 13 സീറ്റും എൻ.ഡി.എയ്ക്ക് ഏഴു സീറ്റുമുണ്ട്. എന്നാൽ, ഒരാൾ യു.ഡി.എഫിനെ പിൻതുണയ്ക്കുകയും, രണ്ടു പേർ എൽഡിഎഫിനെ പിൻതുണയ്ക്കുകയും ചെയ്താൽ 14 സീറ്റായി മാറും ഇരുമുന്നണികൾക്കും. ഈ സാഹചര്യത്തിൽ ഭരണം ആർക്കാണ് എന്നു കണ്ടെത്തുന്നതായി ടോസ് വേണ്ടി വരും.

ചങ്ങനാശേരി നഗരസഭയിൽ ഒരു കക്ഷികൾക്കും നിലവിൽ ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ല. മൂന്നു സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇവിടെ ഭരണം ലഭിക്കൂ. എൽ.ഡി.എഫിനു 16 സീറ്റും, യു.ഡി.എഫിന് 15 സീറ്റുമാണുള്ളത്. സ്വതന്ത്രരായ സന്ധ്യാ മനോജ്, ബീന ജോബി തൂമ്പുങ്കൽ, ബെന്നി ജോസഫ് എന്നിവരുടെ പിന്തുണ ഏറെ നിർണ്ണായകമാകും. സന്ധ്യയും ബീനയും ചെയർപേഴ്സൺ സ്ഥാനത്തിനു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇരുവരെയും ചെയർപേഴ്സൺ ആക്കാമെന്ന ധാരണയിൽ യു.ഡി.എഫ് എത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെയും യു.ഡി.എഫിൽ അന്തിമ ധാരണയായിട്ടില്ല.

വൈക്കം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും, യു.ഡി.എഫ് തന്നെ ഭരിക്കുന്നതിനാണ് സാദ്ധ്യത. 11 സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചിരിക്കുന്നത്. ഇടതു മുന്നണിയ്ക്ക് ഒൻപത് സീറ്റും, ബി.ജെ.പിയ്ക്ക് നാലു സീറ്റുമുണ്ട്. രണ്ട് സ്വതന്ത്രരും. ബി.ജെ.പിയും, എൽ.ഡി.എഫും സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തിയാൽ സ്വാഭാവികമായും യു.ഡി.എഫിനു കൂടുതൽ വോട്ടുമായി ഭരണം പിടിക്കാൻ സാധിക്കും. രാധിക ശ്യാം, പ്രീത രാജേഷ്, രേണുക രതീഷ് എന്നിവരുടെ പേരുകളാണ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്.

പാലാ നഗരസഭയിൽ ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് തന്നെ ഭരണം നടത്തും. ആന്റോ ജോസഫ് പടിഞ്ഞാറേക്കരയാണ് ചെയർമാൻ സ്ഥാനാർത്ഥി. 17 സീറ്റുള്ള എൽ.ഡി.എഫിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. യു.ഡി.എഫിനു എട്ടും ബി.ജെ.പിയ്ക്ക് ഒരു സീറ്റുമാണ് നഗരസഭയിൽ ഉള്ളത്.

ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗിലെ സുഹ്റ അബ്ദുൾ ഖാദറിനെയാണ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. 28 ൽ 14 അംഗങ്ങളുള്ള യു.ഡി.എഫിനു തന്നെയാണ് മുൻതൂക്കം. മുസ്ലീം ലീഗിനു പത്ത് അംഗങ്ങളും കോൺഗ്രസിനു നാല് അംഗങ്ങളുമുണ്ട്. ഒൻപത് അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്.