
പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിറ്റിങ് മെമ്പർ ആന്റണി മാർട്ടിന് തെരഞ്ഞെടുപ്പിൽ കെട്ടി വയ്‌ക്കുന്നതിനുള്ള
പണം കുന്നുംഭാഗത്തെ ഓട്ടോ തൊഴിലാളികൾ ചേർന്നു നൽകി.
ആന്റണി മാർട്ടിൻ നിലവിലെ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസ്(എം) അംഗമാണ്. വിജയിച്ച വാർഡ് വിട്ടുകൊടുക്കുന്നതിലെ അതൃപ്തി കേരളകോൺഗ്രസ് പ്രകടിപ്പിച്ചെങ്കിലും എൽഡിഎഫ് തലത്തിൽ അനുകൂല തീരുമാനമില്ല.
അതിനാൽ ആന്റണി മാർട്ടിൻ സ്വതന്ത്രനായി മത്സരിക്കുകയാണ്. കേരള കോൺഗ്രസ്(എം) വിജയിച്ച വാർഡ് സിപിഐക്ക് നൽകിയതിന്റെ പേരിൽ വാർഡിലെ കേരളകോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഐ കഴിഞ്ഞതവണ മത്സരിച്ച് പരാജയപ്പെട്ട 10-ാം വാർഡ് ഇത്തവണ സിപിഎം മത്സരിക്കാൻ ഏറ്റെടുത്തതോടെ പകരം ഏഴാം വാർഡ് നൽകാമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് സിപിഐ നേതൃത്വം വിശദീകരിക്കുന്നത്.
കേരള കോൺഗ്രസ് (എം)-ന് അഞ്ച് വാർഡ് നൽകാമെന്ന ആദ്യ ധാരണയിൽനിന്നുള്ള ഈ മാറ്റം അംഗീകരിക്കാൻ അവരും തയ്യാറായിട്ടില്ല.
യുഡിഎഫിന്റെ സ്ഥാനാർഥിയെ ഇതുവരെ നിർണയിച്ചിട്ടില്ല. എൻഡിഎ സ്ഥാനാർഥിയായി റെനീഷ് ചൂണ്ടച്ചേരിയാണ് മത്സരിക്കുന്നത്. പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ഇത്തവണ എസ്‍സി സംവരണമാണ്.
മുൻപ് സിപിഐ മത്സരിച്ച 10-ാം വാർഡ് എസ്‍സി സംവരണമായപ്പോൾ സിപിഎമ്മിന് വിട്ടുനൽകിയതാണ്. അതിനുപകരമാണ് പുതിയ വാർഡായ മണ്ണാറക്കയം സിപിഐക്ക് നൽകാമെന്ന് മുന്നണിയിൽ ധാരണയുണ്ടായതെന്നും സിപിഐ നേതൃത്വം അറിയിച്ചു.



