കോട്ടയം നഗരത്തിൽ ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ മൂന്നാഴ്ചക്കകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി; നടപടി നഗരം ചീഞ്ഞുനാറുകയാണെന്നും, നഗരത്തിലാകെ മാലിന്യക്കൂമ്പാരമാണെന്നും, മാലിന്യമലകൾക്ക് തീപിടുത്തമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് നല്കിയ ഹർജിയേ തുടർന്ന്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരം ചീഞ്ഞ് നാറാൻ തുടങ്ങിയിട്ട് നാളുകളായി. നാട്ടുകാർ പരാതി പറഞ്ഞാൽ പുല്ല് വില പോലും നഗരസഭാ അധികൃതർ വെക്കാറില്ല.
നഗരം ചീഞ്ഞുനാറുകയാണെന്നും, നഗരത്തിൻ്റെ വിവിധയിടങ്ങളിൽ മാലിന്യം ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുകയാണെന്നും, മാലിന്യ മലകൾക്ക് പല തവണ തീപിടുത്തമുണ്ടായെന്നും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ. ശ്രീകുമാർ നല്കിയ ഹർജിയിൻമേൽ മാലിന്യങ്ങൾ മൂന്നാഴ്ചക്കകം നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.
മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലന്നും ഡമ്പിംഗ് യാർഡ് അടച്ചിട്ടിരിക്കുകയാണെന്നും നഗരസഭ വാദിച്ചെങ്കിലും വിലപ്പോയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം , ശ്രീനിവാസ അയ്യർ റോഡ്, പാരഗണിന് സമീപം, തിരുനക്കര ബി എസ് എൻ എല്ലിന് പുറകിൽ, കാരാപ്പുഴ തെക്കും ഗോപുരം, ബാലഭവനു സമീപം, ചിറയിൽ പാടം, ഉപയോഗശൂന്യമായ കഞ്ഞിക്കുഴി ബസ് സ്റ്റാൻഡ്, കോടിമത, പുത്തനങ്ങാടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നഗരസഭ മാലിന്യം ചാക്കിൽ പൊതിഞ്ഞ് കെട്ടി കൂട്ടിയിട്ടിരിക്കുകയാണ്.
2013 ൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വടവാതൂർ ഡമ്പിങ് യാർഡ് അടച്ചതിന് ശേഷം ഇന്ന് വരെ നഗരസഭ മാലിന്യം സംസ്കരിക്കുന്നില്ല. ഇതോടെയാണ് നഗരം ചീഞ്ഞ് നാറി തുടങ്ങിയത്. കൂട്ടി വെച്ചിരിക്കുന്ന മാലിന്യം കോടിമതയിലും മണിപ്പുഴയിലുമുള്ള തരിശ് നിലങ്ങളിൽ ഇടുകയും, മാലിന്യത്തിന് മുകളിൽ മണ്ണിട്ട് മൂടുകയുമാണ് നഗരസഭ ചെയ്യുന്നത്. മഴക്കാലത്ത് ഈ മാലിന്യം കുടിവെള്ള സ്രോതസുകളിലേക്ക് ഒലിച്ചിറങ്ങും.
നഗരത്തിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്ക് തീപിടിക്കുന്നത് നിത്യസംഭവമാണ്. നാഗമ്പടം മൈതാനത്ത് ഒരു മാസം മുൻപും, മണിപ്പുഴയിൽ കഴിഞ്ഞ ആഴ്ചയിലും, ശാസ്ത്രീറോഡിൽ തേർഡ് ഐ ന്യൂസിൻ്റെ ഓഫീസിന് സമീപം കഴിഞ്ഞ ദിവസവും തീ പിടുത്തമുണ്ടായി.
നഗരത്തിൽ മാലിന്യം കുട്ടി വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും, ഇവ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും ചൂണ്ടിക്കാണിച്ച് നഗരസഭയ്ക്ക് തേർഡ് ഐ ന്യൂസ് കത്ത് നല്കിയിരുന്നു. നടപടി ഉണ്ടാകാഞ്ഞതിനേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി