
കോട്ടയം : ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. കേരള കോൺഗ്രസ് (എം) : 10, സി.പി.എം : 9, സി.പി.ഐ : 4 എന്നിങ്ങനെയാണ് സീറ്റുവിഭജനം. ഒരു സീറ്റിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ കേരളകോൺഗ്രസ് നേതൃത്വത്തോട് സി.പി.എം നിർദ്ദേശിച്ചിട്ടുണ്ട്.
വാകത്താനം സീറ്റു വച്ചു മാറാൻ ആലോചിച്ചെങ്കിലും സി.പി.ഐ തയ്യാറാകാതെ വന്നതോടെ അയർക്കുന്നത്താകും പൊതുസ്വതന്ത്രന് സാദ്ധ്യത.
പഞ്ചായത്ത്,ബ്ലോക്ക്, നഗരസഭാ വാർഡുകളിൽ ശക്തിയ്ക്കനുസരിച്ച് സീറ്റ് ലഭിച്ചാലേ സ്വതന്ത്ര തീരുമാനം അംഗീകരിക്കൂവെന്ന് മാണിഗ്രൂപ്പ് ഉന്നത നേതാവ് പറഞ്ഞു. ഇന്ന് അന്തിമ ചർച്ച നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫിൽ കോൺഗ്രസ് : 15 ,കേരള കോൺഗ്രസ് ജോസഫ് : 8 എന്ന നിലയിലാണ് സീറ്റ് വിഭജനം. ഒരു സീറ്റ് വേണമെന്ന നിലപാട് മുസ്ലിംലീഗ് കടുപ്പിച്ചിരിക്കുകയാണ്. കേരള കോൺഗ്രസ് ഏഴു സീറ്റിൽ സ്ഥാനാർത്ഥികളായി.
സംവരണ മണ്ഡലമായ വെള്ളൂർ കോൺഗ്രസിന് നൽകി സീറ്റുവച്ചുമാറാനുള്ള നീക്കവും ജോസഫ് വിഭാഗം നടത്തുന്നുണ്ട്. പഞ്ചായത്ത് , നഗരസഭ, ബ്ലോക്ക് വാർഡുകളിലെ ജനറൽ സീറ്റുകളിലേക്ക് സ്ഥാനാർത്ഥി മോഹികളുടെ കൂട്ടയിടിയാണ്. ഭാര്യയ്ക്ക് സീറ്റ് നൽകി അനുനയിപ്പിക്കാനുള്ള നീക്കമുണ്ടെങ്കിലും ഫലം കാണുന്നില്ല. റിബൽപ്പേടിയും തലപൊക്കുന്നുണ്ട്.




