
കോട്ടയം:കോട്ടയം ജില്ലാ ജയിലില്‍ ദേഹപരിശോധനയ്ക്കിടെ തടവുകാരന് മർദനമേറ്റതായി പരാതി. തൃശ്ശൂർ ജയിലില്‍ നിന്നും കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കുന്നതിനായി എത്തിച്ച ജോയ് (65) എന്ന പ്രതിക്കാണ് പരിക്കേറ്റത്.സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ജോയിയെ കോട്ടയത്ത് എത്തിച്ചത്. ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായുള്ള ദേഹപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് ആരോപണം.
എന്നാല്‍ പ്രതി അക്രമാസക്തനാകാൻ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. മർദനത്തിന് പിന്നാലെ പ്രതി ജയിലിനുള്ളിലെ ഗ്ലാസ് പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തെന്നാണ് പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ ജോയിയെ ആശുപത്രിയില്‍ എത്തിക്കാൻ അധികൃതർ വൈകിയെന്ന ആരോപണമുണ്ട്. വൈകിട്ട് അഞ്ചരയോടെയാണ് പോലീസ് ജീപ്പില്‍ ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജോയിയുടെ പുറത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
ജോയ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ ഉണ്ടായ ബലപ്രയോഗമാണ് നടന്നതെന്നാണ് ജയില്‍ അധികാരികള്‍ പറയുന്നത്. മുൻപും നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് ജോയ് എന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തില്‍ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



