
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി ബിനുമോൻ ജയിൽ ചാടിയത് മക്കളെ കാണാൻ വേണ്ടി.
തന്റെ രണ്ട് മക്കളെയും കാണാൻ വേണ്ടിയാണ് ജയിൽ ചാടിയതെന്ന് പ്രതി ബിനുമോൻ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. പുലര്‍ച്ചെയുണ്ടായ വൈദ്യുതി മുടക്കത്തിന്റെ മറവിലാണു ജില്ലാ ജയിലില്‍ നിന്നു കൊലക്കേസ് പ്രതി ചാടി രക്ഷപ്പെട്ടതെന്ന് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട് നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനെ കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതിയായ ബിനുമോൻ കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. മക്കളെ കാണാൻ ജയിൽ ചാടിയെങ്കിലും ഇയാൾക്ക് കുട്ടികളെ കാണാൻ സാധിച്ചില്ല.
രാത്രിയോടെ ബിനുമോനെ വീടിനു പരിസരത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിൽ ചാടുന്നതിന്റെ തലേ ദിവസം ഇയാൾ ജയിലിൽ നിന്നും കുട്ടികളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കോൾ ലഭിച്ചിരുന്നില്ല. ഇതിന് ശേഷമാണ് ബിനുമോൻ ജയിൽ ചാടിയത്.
അതേസമയം സുരക്ഷയുടെ കാര്യത്തിൽ കോട്ടയം ജില്ലാ ജയിൽ വളരെ പിൻനിരയിലാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മറ്റു ജയിലുകളുടെ ചുറ്റുമതിലിന് 12 അടിയാണ് ഉയരമെങ്കിൽ കോട്ടയത്തു ഇത് 10 അടി മാത്രമാണ്. ഒരു ബക്കറ്റ് കമിഴ്‌ത്തിവച്ച് കയറി നിന്നാൽ, അത്യാവശ്യം കായിക ബലമുള്ളവർക്കു വളരെ വേഗം മതിൽ ചാടി പുറത്തെത്താം. പുറത്തിറങ്ങിയാൽ പെട്ടെന്ന് തന്നെ സമീപത്തെ റോഡിലെത്തി രക്ഷപെടാനുള്ള യാത്രാ സൗകര്യവുമുണ്ട്.
ജയിലിന്റെ മതിലിൽ പലക ചാരിയാണ് പ്രതിയായ ബിനുമോൻ രക്ഷപ്പെട്ടത്. ഒരു ജോഡി വസ്‌ത്രങ്ങൾ അടക്കം കരുതിയാണ് ഇയാൾ രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ നേരത്തെ പദ്ധതി തയാറാക്കിയിരുന്നുവെന്ന് ഉറപ്പാണെന്ന് പോലീസ് പറയുന്നു. മതിലിനു പുറത്തു കടക്കാൻ ആവശ്യമായ പലക നേരത്തെ സംഘടിപ്പിച്ചു വച്ചിരുന്നതായാണു സൂചന.
മറ്റാരുടെയെങ്കിലും സഹായം ഇയാൾക്ക് ജയിലിനകത്തോ പുറത്തോ ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഷാൻ വധക്കേസിൽ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാക്കാൻ തീരുമാനിച്ചിരുന്നയാളാണു ഇന്നലെ ജയിൽ ചാടിയ ബിനുമോൻ. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ. ഷാനിനെ മർദിച്ച് അവശനാക്കിയ ശേഷം ആശുപത്രിയിൽ കൊണ്ടുപോകാനെന്നു പറഞ്ഞ് ഒന്നാം പ്രതി ജോമോൻ, ബിനുവിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും മുമ്പ് മദ്യപാന സദസുകളിൽ ഒന്നിച്ചിരുന്നതിന്റെ ബന്ധത്തിന്റെ അടിസ്‌ഥാനത്തിലാണ് ബിനുവിനെ വിളിച്ചത്. മദ്യപിച്ചു വാഹനമോടിച്ചതിനു നാലു തവണ പെറ്റിക്കേസ് ചാർജ് ചെയ്‌തിട്ടുള്ളതല്ലാതെ മറ്റ് ക്രിമിനൽ കേസുകളിൽ ഒന്നും ഇയാൾ പ്രതിയായിരുന്നില്ല.
ജാമ്യത്തിനായി പല തവണ ശ്രമിച്ചിരുന്നുവെങ്കിലും വിജയിക്കാത്തതിന്റെ പരിഭവം ഇയാൾ പലരോടും പങ്കുവച്ചിരുന്നു. പിതാവിനോടും സുഹൃത്തിനോടും ജയിലിൽ പ ണമെത്തിച്ചു നൽകണമെന്നും ജാമ്യത്തിനു വീണ്ടും ശ്രമിക്കണമെന്നും ഇയാൾ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരും പണം നൽകിയിരുന്നില്ല.
കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെയും ഈസ്റ്റ് സി ഐ ആയിരുന്ന റിജോ പി ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ച് 75-ാ ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാതെ വന്നത്.
അഞ്ചാം പ്രതിയായ ബിനു മോന്‍ നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് എതിരെ കൃത്യമായ തെളിവ് ശേഖരിക്കുകയും കൃത്യസമയത്ത് തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് ജാമ്യം ലഭിക്കുന്നതിന് തിരിച്ചടിയായി.