കോട്ടയം ജില്ലാ ആശുപത്രിയിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിന്ന ആളിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവം: പ്രതി പിടിയിൽ; പിടിയിലായത് ചങ്ങനാശ്ശേരി, ആലുവ, ഏറ്റുമാനൂർ, തിരുവല്ല സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതി
കോട്ടയം: ജില്ലാ ആശുപത്രിയിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിന്ന ആളിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം,പെരിന്തൽമണ്ണ ആനമങ്ങാട് ഷമീന മൻസിലിൽ ( തറമേൽ ) അഷറഫ് (62) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കോട്ടയം ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂടെ വന്ന ആളിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, കോട്ടയം കെ.എസ്.ആർ.ടി.സി ഭാഗത്ത് വച്ച് സംശയാസ്പദമായ രീതിയിൽ ഇയാളെ കാണപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും ആശുപത്രിയില്‍ നിന്നും മൊബൈൽ മോഷ്ടിച്ച വിവരം ഇയാള്‍ പോലീസിനോട് പറയുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളിൽ നിന്നും ഇതു കൂടാതെ മറ്റ് രണ്ടു മൊബൈൽ ഫോണുകൾ കൂടി പോലീസ് കണ്ടെടുത്തു. പ്രതിക്ക് ചങ്ങനാശ്ശേരി, ആലുവ, ഏറ്റുമാനൂർ, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ, എസ്.ഐ ശ്രീജിത്ത് റ്റി, സി.പി.ഓ അരുൺകുമാർ എന്നിവർ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.