സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കാലിച്ചായ കുടിക്കാന്‍ പോലും ആശുപത്രിവളപ്പിന് പുറത്ത് പോകേണ്ട ദയനീയാവസ്ഥ. കോട്ടയത്തെ സാധാരണക്കാരായ ജനങ്ങള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ചികിത്സയും ആശുപത്രി ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും കാലിച്ചായ വാങ്ങാന്‍ പോലും ആശുപത്രി വളപ്പിന് പുറത്ത് പോകേണ്ട ഗതികേടിലാണ്.
ആശുപത്രി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രി നവീകരണം ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണ്. എന്നാല്‍ ഇവിടെ ഒരു ക്യാന്റീന്‍ ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം അധികൃതര്‍ മനഃപ്പൂര്‍വ്വം വിസ്മരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ ഉള്‍പ്പെടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന ഷീ ക്യാന്റീനുകള്‍ ഇവിടെയും ഒരുക്കാവുന്നതേയുള്ളൂ. എന്നാല്‍ ജില്ലാ ആശുപത്രിയിലെ വികസനകാര്യ സമിതി ഇക്കാര്യം ചര്‍ച്ചയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. അടിയന്തിര പരിഗണന ലഭിക്കേണ്ട വിഷയമായിട്ടു പോലും ക്യാന്റീന്‍ ഒരുക്കേണ്ട കാര്യത്തില്‍ അലംഭാവമാണ് അധികാരികള്‍ക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിയെ കാണാനെത്തിയ വീട്ടമ്മ ആശുപത്രിക്ക് സമീപം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ചന്തക്കവലയില്‍ ഭക്ഷണം വാങ്ങാന്‍ പോകുന്ന വഴിഅമിത വേഗത്തിലെത്തിയ ബൈക്ക് സുജാത, സാലി എന്നീ സഹോദരിമാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സുജാത കൊല്ലപ്പെടുകയും സാലിയെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആഹാരം കഴിക്കാന്‍ പോകുന്ന വഴി ജീവന്‍ പോലും പൊലിയുന്ന അവസ്ഥ ഉണ്ടായിട്ടും അധികാരികള്‍ ഉണര്‍ന്നിട്ടില്ല. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ലഘുഭക്ഷണവും ചായ, കാപ്പി തുടങ്ങിയവയും ഒരുക്കാന്‍ വനിതാ കൂട്ടായ്മകള്‍ തയ്യാറാണെങ്കിലും ഇതിനുള്ള അവസരം പോലും അധകാരികള്‍ ഒരുക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.