കോട്ടയം ന​ഗരത്തിലെ സ്വർണക്കടകളിൽ ജി.എസ്‌.ടി ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ റെയ്ഡ്; രേഖകളിലാതെ കടത്താൻ ശ്രമിച്ച മൂക്കാല്‍ കിലോയുടെ തങ്കകട്ടികളും 38 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പിടികൂടി; ഇടുക്കി സ്വദേശിയായ ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രേഖകള്‍ ഇല്ലാതെ വില്പനയ്ക്കായി കൊണ്ടുപോയ സ്വര്‍ണം ജി.എസ്‌.ടി ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി. ചന്തക്കവലയിലുള്ള സ്വര്‍ണക്കടയില്‍ നിന്നും സ്വര്‍ണവുമായി വന്ന ഇടുക്കി സ്വദേശിയാണ്‌ ഇന്റലിജന്‍സിന്റെ പിടിയിലായത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കോട്ടയം നഗരത്തില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയില്‍ മൂക്കാല്‍ കിലോയുടെ തങ്കകട്ടികളും 38 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പിടികൂടി. കോട്ടയം ചന്തക്കവലയിൽ ഓട്ടോറിക്ഷയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 38 പവൻ സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയത്. വ്യാഴാഴ്ചയാണ് തങ്കകട്ടി പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരമധ്യത്തിലെ സ്വർണ്ണമൊത്ത വ്യാപാരികൾ കൂടിയായ ഭാഗ്യലക്ഷ്മി ജ്വല്ലറിയിൽ നിന്ന് കട്ടപ്പനയിലെ അമ്പഴത്തിനാൽ ജ്വല്ലറിയിലേക്കാണ് ഓട്ടോയിൽ സ്വർണ്ണാഭരണങ്ങൾ കടത്താൻ ശ്രമിച്ചത്.

ബില്ലില്ലാതെ സ്വർണ്ണകടത്ത് വ്യാപകമായതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു കോട്ടയത്തെ ജ്വല്ലറി. ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തിയതോടെ സ്വർണ്ണവുമായി യാത്ര ചെയ്തിരുന്നയാൾ ഓട്ടോയിൽ നിന്നുമിറങ്ങി ഓടി. ഉദ്യോഗസ്ഥർ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

ഇന്റലിജൻസ് ഓഫീസർ വി.ആർ മഹേശ് വെച്ചുവീട്ടിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, ടി.സി.സുരേഷ്, അതുൾ ദിലീപ്, ബിന്ദുമോൾ മാത്യു എന്നിവർ പങ്കെടുത്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന് 16 ലക്ഷം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

സ്വർണ്ണം ഷോറൂമിൽ പ്രദർശിപ്പിക്കാതെയും ബില്ലില്ലാതെയും കച്ചവടം നടത്തുന്ന വ്യാപാരികൾ കോട്ടയം നഗരത്തിൽ ഒട്ടനവധിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.