കോട്ടയത്തേക്ക് കഞ്ചാവിന്റേയും, മയക്കുമരുന്നിന്റേയും ഒഴുക്ക്; നാലുമാസത്തിനിടെ പിടികൂടിയത് 105 കിലോയോളം കഞ്ചാവ്; പെൺകുട്ടികൾ ഉൾപ്പെടെ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു; ലഹരിക്കടത്തിന് സൗകര്യമൊരുക്കി ​ഗുണ്ടാസംഘങ്ങളും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതായി സൂചന. നാല് മാസത്തിനിടെ ജില്ലയില്‍നിന്ന് പൊലീസ് പിടികൂടിയത് 105 കിലോയോളം കഞ്ചാവ്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍നിന്നാണ് 12.5 കിലോയോളം പിടികൂടി.സംഭവത്തില്‍ നീണ്ടൂര്‍ കൃഷിഭവന്‍ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടില്‍ ലൈബു കെ. സാബുവിനെ (29) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എം.ഡി.എം.എയും ഇയാളില്‍നിന്ന് കണ്ടെടുത്തു. പൊലീസ് പിടികൂടുന്നതിനു പുറമേ ജില്ലയിൽ എക്സൈസും കഞ്ചാവും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്.

ഏറ്റുമാനൂര്‍ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വില്‍പനക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലൈബുവിനെ 0.53 ഗ്രാം രാസലഹരിയുമായി പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനൊപ്പം ജില്ലയില്‍ രാസലഹരി അടക്കമുള്ള മാരക മയക്കുമരുന്ന് വില്‍പനയും സജീവമാണ്. ഗന്ധം കൊണ്ട് കഞ്ചാവ് തിരിച്ചറിയാനാവുമെങ്കില്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ചവരെ തിരിച്ചറിയാനാകില്ലെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലക്കുന്നത്. പെണ്‍കുട്ടികളിലും ലഹരി ഉപയോഗം വര്‍ധിക്കുന്നുണ്ട്.

സിന്തറ്റിക് ലഹരി മരുന്നുകള്‍ പ്രധാനമായും ബംഗളൂരുവില്‍നിന്ന് കൊറിയര്‍ വഴിയാണ് എത്തുന്നതായാണ് പൊലീസിന്‍റെ നിഗമനം. പുസ്തകങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചും മറ്റുമാണ് അയക്കുന്നത്. ലഹരിക്കടത്തിന് സൗകര്യമൊരുക്കാനും ഇവ എത്തിക്കാനും ഗുണ്ട സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം ഉപയോഗത്തിനും വില്‍പനയിലൂടെ വരുമാനത്തിനും വേണ്ടിയാണ് ഗുണ്ട സംഘങ്ങള്‍ ലഹരിക്കടത്തിലേക്ക് തിരിയുന്നത്.

ജില്ല നാര്‍കോട്ടിക്സെല്‍ ഡിവൈ.എസ്.പി സി.ജോണ്‍, കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷ്, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്‌.ഒ സി.ആര്‍. രാജേഷ് കുമാര്‍, ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്‌.ഒ കെ.ഷിജി, ഏറ്റുമാനൂര്‍ എസ്.ഐ. കെ.കെ. പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്.