play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി: നീക്കം സജീവമാക്കി കോൺഗ്രസ്; രാഷ്ട്രീയ ചർച്ചകളിൽ മുൻതൂക്കം ചാണ്ടി ഉമ്മന്; പി.സി ജോർജിന്റെ മകനു പിന്നാലെ ഉമ്മൻചാണ്ടിയുടെ മകനും ജില്ലാ പഞ്ചായത്തിലേയ്ക്കു മത്സരത്തിന്

കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി: നീക്കം സജീവമാക്കി കോൺഗ്രസ്; രാഷ്ട്രീയ ചർച്ചകളിൽ മുൻതൂക്കം ചാണ്ടി ഉമ്മന്; പി.സി ജോർജിന്റെ മകനു പിന്നാലെ ഉമ്മൻചാണ്ടിയുടെ മകനും ജില്ലാ പഞ്ചായത്തിലേയ്ക്കു മത്സരത്തിന്

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ നിന്നും അങ്കം കുറിയ്ക്കാൻ ഇറങ്ങുന്നത് മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എം.എൽ.എയുടെ മകൻ ചാണ്ടി ഉമ്മനാണ് എന്നു സൂചന. എന്നാൽ, വാർത്തകൾ ഉമ്മൻചാണ്ടി നിഷേധിച്ചെങ്കിലും, കോൺഗ്രസ് ജില്ലാ നേതൃത്വവും യൂത്ത് കോൺഗ്രസും ഇപ്പോഴും ചാണ്ടി ഉമ്മനു വേണ്ടി സജീവമായി രംഗത്തുണ്ട്.


കഴിഞ്ഞ ദിവസമാണ് യു.ഡി.എഫിനുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായത്. ഇതിനു പിന്നാലെയാണ് കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥികളെ പരിഗണിച്ചു തുടങ്ങിയത്. നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജോഷി ഫിലിപ്പാണ് പുതുപ്പള്ളി ഡിവിഷനിൽ നിന്നുള്ള അംഗം. ഇത്തവണ ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്തിലേയ്ക്കു മത്സരിക്കാനുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് പുതുപ്പള്ളി ഡിവിഷനിലേയ്ക്കു ജോഷി ഫിലിപ്പിനു പകരം ചാണ്ടി ഉമ്മന്റെ പേര് പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.എസ്.യു ദേശീയ സെക്രട്ടറിയായാണ് ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിലേയ്ക്കു പ്രവേശിക്കുന്നത്. ഇതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും രംഗത്ത് എത്തി. ഇതിനു ശേഷം ഇപ്പോൾ അഭിഭാഷകനാണ് ഇദ്ദേഹം. പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ നാളുകളിൽ ഇദ്ദേഹം സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരും പരിഗണിക്കുന്നത്. യുവാക്കൾക്കു തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നു യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചാണ്ടി ഉമ്മന് സീറ്റ് നൽകുന്നതിൽ ധാരണയായിരിക്കുന്നത്.

മണർകാട്, പുതുപ്പള്ളി, പനച്ചിക്കാട്, വാകത്താനം, പുതുപ്പള്ളി, വിജയപുരം എന്നീ പഞ്ചായത്തുകളാണ് ഈ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉള്ളത്. കഴിഞ്ഞ തവണ മത്സരിച്ച ജോഷി ഫിലിപ്പിന് 10170 വോട്ടാണ് ഭൂരിപക്ഷം.

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായാൽ ജില്ലയിലെ കൂടുതൽ മേഖലകളിൽ യുവാക്കളായ പ്രവർത്തകരെ രംഗത്ത് ഇറക്കാൻ സാധിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് 15% സീറ്റുകളിൽ സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ഡി.ഡി.സി പ്രസിഡന്റിന് നിവേദനം നടത്തിയിരുന്നു. ഇതിനുള്ള അംഗീകാരം  കൂടിയാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായാൽ പ്രതീക്ഷിക്കുന്നത്.

പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി സ്ഥാനാർത്ഥിയായാൽ ഉമ്മൻചാണ്ടിയ്ക്ക് ഒരു പിൻഗാമിയെ തേടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് പുതു ഊർജ്ജമായിരിക്കും ഇത്. ഈ  സാഹചര്യത്തിലാണ് ചാണ്ടി ഉമ്മൻ തന്നെ പുതുപ്പള്ളിയിൽ മത്സരിക്കണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമാക്കുന്നത്.

പി.സി ജോർജ്ജിന്റെ മകൻ  ഷോൺ ജോർജ്ജ് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സര രംഗത്ത് ഉണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ രണ്ട് സീറ്റുകളിൽ ശ്രദ്ധേയമായ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.  എല്ലാവരും ഉറ്റുനോക്കുന്ന നിർണ്ണായകമായ ചർച്ചകളും സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നാണ് സൂചന.