ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസിയിലും ലാബിലും ജീവനക്കാര്‍ കുറവ് ; രോഗികള്‍ ക്യുനിന്നു വലയുന്നു താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ തടസമെന്നു പരാതി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിയിലും ലാബിലും ജീവനക്കാര്‍ കുറവായതിനാല്‍ രോഗികള്‍ വലയുന്നു. മരുന്നു വാങ്ങാനായി ഫാര്‍മസിക്കു മുന്നില്‍ ക്യു നില്‍ക്കുന്ന രോഗികളുടെ കാര്യമാണ് ഏറെ കഷ്ടം. പനിയും ഛര്‍ദിയും മറ്റും പിടിപെട്ട് എഴുനേറ്റു നില്‍ക്കാന്‍ കഴിയാത്ത രോഗികള്‍ പോലും ഏറെ സമയം ക്യു നില്‍ക്കേണ്ടി വരുന്ന ദയനീയ കാഴ്ചയാണുള്ളത്.

സ്ത്രീകള്‍, പുരുഷന്‍മാര്‍, പ്രായമായവര്‍, ജനറല്‍ അടക്കം അഞ്ചു കൗണ്ടറുകള്‍ ഫാര്‍മസിയില്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും എല്ലാ കൗണ്ടറുകളിലും ഒരു പോലെ മരുന്നു വിതരണം നടത്താനുള്ള ജീവനക്കാരില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയില്‍ നേരത്തേ 18 ഫാര്‍മസിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേര്‍ സ്ഥലം മാറി പോയതോടെ നിലവില്‍ 13 ജീവനക്കാരാണുള്ളത്. സ്ഥലം മാറി പോയവര്‍ക്ക് പകരം ആളെ നിയമിക്കാത്തതാണ് ഇവിടുത്തെ പ്രശ്‌നം. ജീവനക്കാരുടെ കുറവ് മൂലം രോഗികള്‍ വലയുന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും അവര്‍ കേട്ട ഭാവമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാബിലെ കാര്യവും കഷ്ടം തന്നെ. അവിടെയും ടെക്‌നീഷ്യന്‍മാരുടെ കുറവാണ് പ്രശ്‌നം. ആവശ്യത്തിന് ടെക്‌നീഷ്യന്‍മാരില്ലാത്തതിനാല്‍ ചില ഘട്ടങ്ങളില്‍ രോഗികള്‍ക്ക് പുറത്തെ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. ലാബിന്റെ പ്രവര്‍ത്തനവും 24 മണിക്കൂറാണ്.

അതേ സമയം ജില്ലാ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തയാറായെങ്കിലും ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് തടസ വാദങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ നിയമനം വൈകുകയാണ്. താല്‍ക്കാലികമായിട്ടാണെങ്കിലും ഏതാനും പേരെ ഫാര്‍മസിയിലും ലാബിലും നിയമിച്ചാല്‍ രോഗികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകും.

സര്‍ക്കാര്‍ മേഖലയില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കുന്ന കാര്യത്തില്‍ പോലും ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നുവെന്നാണ് പരാതി. മെഡിക്കല്‍ കോളജ്, എസ്എംഇ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ പരിശീലനത്തിനായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ അപേക്ഷ നല്കിയാല്‍ അത് പരിഗണിക്കുകപോലുമില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.

പഠനം പൂര്‍ത്തിയാക്കി ലാബിലും ഫാര്‍മസിയിലും പരിജ്ഞാനം നേടിയ വിദ്യാര്‍ഥികള്‍ പരിശീലനത്തിനെത്തിയിരുന്നുവെങ്കില്‍ അത്രയും പേരുടെ സേവനം കൂടി ആശുപത്രിക്ക് ലഭിക്കുമായിരുന്നു. ജീവനക്കാരുടെ കുറവ് മൂലം രോഗികള്‍ ബുദ്ധിമുട്ടിലാണെന്നുു ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് കത്തു നല്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.