പിതാവിന്റെ മരണശേഷം വ്യാജരേഖകള്‍ ഉണ്ടാക്കി; കോട്ടയത്ത് ധനലക്ഷ്മി ബാങ്ക് ബ്രാഞ്ചില്‍ ലോക്കര്‍ പൊട്ടിച്ച്‌ മാനേജരുടെ ഒത്താശയോടെ കവർന്നത് 125 പവന്‍ സ്വര്‍ണം; അപഹരിച്ചത് വിവാഹ സമ്മാനമായി കിട്ടിയതടക്കമുള്ള ആഭരണങ്ങള്‍; അയര്‍ക്കുന്നം സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്തെ അയര്‍ക്കുന്നം ധനലക്ഷ്മി ബാങ്ക് ബ്രാഞ്ചില്‍ ലോക്കര്‍ പൊട്ടിച്ച്‌ ബാങ്ക് മാനേജരുടെ ഒത്താശയോടുകൂടി 125 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി.

കോട്ടയം അയര്‍ക്കുന്നം സ്വദേശി റോഷ്‌നി മാത്യുവാണ് പരാതിക്കാരി. ബാങ്ക് മാനേജരുടെ ഒത്താശയോടെയാണ് സ്വര്‍ണം കവര്‍ന്നതെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ അയര്‍ക്കുന്നം പൊലീസ് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ നാലുപേരെ പ്രതികളാക്കി കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഷ്‌നിയുടെ പിതാവ് വി ഐ മാത്യുവിന്റെ പേരില്‍ ധനലക്ഷ്മി ബാങ്കില്‍ ലോക്കര്‍ ഉണ്ടായിരുന്നു. ഈ ലോക്കറിലാണ് റോഷ്‌നി മാത്യുവിന്റെ സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്ദേശം 50 ലക്ഷം രൂപ വില വരുന്ന 125 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് ലോക്കറില്‍ റോഷ്‌നി വച്ചിരുന്നത്.
ലോക്കറിന്റെ ഒരു താക്കോല്‍ റോഷ്‌നിയുടെ കൈവശം ഉണ്ടായിരുന്നു.

ഇതിനിടെ റോഷ്‌നിയുടെ പിതാവ് മരിച്ചു. ഇതേത്തുടര്‍ന്ന് ലോക്കറിന്റെ ഒരു താക്കോല്‍ തന്റെ കൈവശം ഉണ്ടെന്നും താന്‍ വരാതെ ലോക്കര്‍ തുറക്കരുതെന്നും റോഷ്‌നി ബാങ്ക് മാനേജരായ വി എം അനീഷിനെ അറിയിച്ചു. നേരിട്ടു കണ്ടും ഫോണ്‍ മുഖേനയും ലീഗല്‍ നോട്ടീസ് അയച്ചും ഇക്കാര്യങ്ങള്‍ ബാങ്ക് മാനേജരെ അറിയിച്ചിരുന്നതായി റോഷ്‌നി പറഞ്ഞു.

എന്നാല്‍ ലോക്കര്‍ തുറക്കണമെന്നാവശ്യപ്പെട്ട് റോഷ്‌നിയുടെ സഹോദരി രഞ്ജിനി മാത്യുവും ഭര്‍ത്താവ് ബിമല്‍ മാത്യുവും ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. മാനേജരെ സ്വാധീനിച്ച്‌ രഞ്ജിനി മാത്യുവും ബിമല്‍ മാത്യുവും ബാങ്ക് മാനേജരെക്കൊണ്ട് ലോക്കര്‍ പൊട്ടിച്ചു. തുടര്‍ന്ന് തന്റെ 125 പവന്‍ സ്വര്‍ണം ഇവര്‍ അപഹരിച്ചതായാണ് റോഷ്‌നിയുടെ പരാതി. വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് ലോക്കര്‍ പൊട്ടിച്ചതെന്നും റോഷ്‌നി പരാതിയില്‍ പറയുന്നു. ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയതെന്ന് ആണ് ആരോപണം.

ലോക്കര്‍ പൊട്ടിക്കുന്ന വിവരം ബാങ്ക് മാനേജര്‍ റോഷ്‌നിയെ അറിയിച്ചില്ല. സ്വര്‍ണം അപഹരിച്ച ശേഷം ലോക്കര്‍ രഞ്ജിനി മാത്യുവിന്റെയും അമ്മ റോയമ്മ മാത്യുവിന്റെയും പേരിലേക്ക് മാറ്റി. 20 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്ത വകയിലും വിവാഹ സമ്മാനമായി കിട്ടിയതും ഉള്‍പ്പെടെ 125 പവനാണ് അപഹരിക്കപ്പെട്ടത് എന്ന് റോഷ്‌നിയുടെ പരാതിയില്‍ പറയുന്നു.

ലോക്കര്‍ പൊട്ടിച്ച്‌ സ്വര്‍ണം എടുത്തു കൊണ്ടുപോയ വിവരം അറിഞ്ഞ് റോഷ്‌നി അയര്‍കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് രഞ്ജിനി മാത്യു, ബിമല്‍ മാത്യു, റോയമ്മ മാത്യു, ധനലക്ഷ്മി ബാങ്ക് മാനേജരായ വി എം അനീഷ് എന്നിവരെ പ്രതികളാക്കി അയര്‍കുന്നം പൊലീസ് കേസെടുത്തു . ഈ വര്‍ഷം മെയ് 10 ന് ആണ് കേസില്‍ എഫ് ഐ ആര്‍ ഇട്ടത്. എന്നാല്‍ എഫ് ഐ ആര്‍ ഇട്ട് നാലു മാസം കഴിഞ്ഞിട്ടും നഷ്ടപെട്ട സ്വര്‍ണം വീണ്ടെടുക്കാനോ പ്രതികളെ പിടികൂടാനോ അയര്‍ക്കുന്നം പൊലീസ് തയ്യാറായിട്ടില്ലെന്ന് റോഷ്‌നി മാത്യു പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. പരാതി പരിഗണിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തര പരിഗണന നല്‍കി കേസ് കൈകാര്യം ചെയ്യണമെന്ന് അയര്‍ക്കുന്നം പൊലീസിന് നിര്‍ദ്ദേശം നല്‍കി. എന്നിട്ടും കേസില്‍ ഇടപെടാന്‍ അയര്‍കുന്നം പൊലീസ് തയ്യാറായില്ലെന്ന് റോഷ്‌നി പറയുന്നു. പ്രതികള്‍ പൊലീസിനെ സ്വാധീനിച്ചതായാണ് ആരോപണം. ഏറ്റവും ഒടുവില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുത്ത് കാത്തിരിക്കുകയാണ് റോഷ്‌നിയും കുടുംബവും.