കോട്ടയം ജില്ലയിൽ വീണ്ടും വെർച്ച്വൽ അറസ്റ്റിലൂടെ 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; മാങ്ങാനം സ്വദേശിനിയായ 75ക്കാരിക്ക് രക്ഷകരായി കോട്ടയം ജില്ലാ പോലീസും സൈബർ പോലീസും

Spread the love

കോട്ടയം: വെർച്ച്വൽ അറസ്റ്റിലൂടെ കോട്ടയം മാങ്ങാനം സ്വദേശിനിയുടെ 25 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം കോട്ടയം ജില്ലാ പോലീസ് മേധാവിയുടേയും സൈബർ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസറുടെയും, ബാങ്കിന്റെയും സമയോചിതമായ ഇടപെടലിലൂടെ തടഞ്ഞു.

കോട്ടയം മാങ്ങാനം സ്വദേശിനിയായ 75 ക്കാരിയെ വെർച്ച്വൽ അറസ്റ്റിൽ നിർത്തുകയും സ്ത്രീയുടെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ ഇടപാടുകൾക്ക് ഉപയോഗിക്കുകയാണെന്നും മുംബൈ പോലീസ് ഉന്നതാധികാരികളാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് വാട്ട്സാപ്പിലൂടെ വ്യാജ വെർച്ച്വൽ അറസ്റ്റ് രേഖപ്പെടുത്തി കബളിപ്പിക്കുയായിരുന്നു. എത്രയും വേഗം മുംബൈ കൊളാബ പോലീസ് സ്റ്റേഷനിൽ എത്താത്തപക്ഷം അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നും പറഞ്ഞിരുന്നു.

അറസ്റ്റ് രേഖപ്പെടുത്താതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കേസ് കഴിയുമ്പോൾ ഈ തുക തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചിരുന്നു. ഇതു വിശ്വസിച്ച മാങ്ങാനം സ്വദേശിനി 1.75 ലക്ഷം രൂപ ഓൺലൈൻ ആയി കൊടുക്കുകയും ബാക്കി തുക ട്രാൻസാക്ഷൻ ചെയ്യുന്നതിനായി കഞ്ഞിക്കുഴി സൗത്ത് ഇന്ത്യൻ ബാങ്കിൽ എത്തുകയുമായിരുന്നു.

സംശയം തോന്നിയ ബാങ്ക് മാനേജർ മമതാ സി. രാജൻ, കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ അറിയിച്ചതനുസരിച്ച് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എയുടെ നിർദ്ദേശപ്രകാരം ബാങ്കിലെത്തി മാങ്ങാനം സ്വദേശിനിയെ സൈബർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൂടുതൽ തുക നൽകാനുള്ള ശ്രമത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.

നഷ്ടപ്പെട്ട 1.75 രൂപയ്ക്കായി പരാതി രജിസ്റ്റർ ചെയ്തു. വെർച്ച്വൽ അറസ്റ്റ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന Toll Free നമ്പരിലോ National Cyber Crime Reporting Portalൽ നേരിട്ടോ പരാതി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. അറിയിച്ചു.

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിലും സമാനമായ സംഭവം നടന്നിരുന്നു, പൊലീസിന്റെയും ബാങ്ക് ജീവനക്കാരുടെയും ഇടപെടലിലൂടെയാണ് ചങ്ങനാശ്ശേരി സ്വദേശികൾക്ക് 50 ലക്ഷം രൂപയുടെ തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ ആയത്.
ജില്ലാ പോലീസ് മേധാവി മുൻകൈയെടുത്ത് ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രതിനിധികളെ കൂട്ടിച്ചേർത്ത് ഇത്തരം തട്ടിപ്പുകളെ കുറിച്ചും അതിന് സ്വീകരിക്കേണ്ട പ്രതിരോധ രീതികളെ കുറിച്ചും ക്ലാസുകളും ചർച്ചകളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്നതിന്റെ ഗുണപരമായ പ്രതിഫലനമായി ഇത്തരം സംഭവങ്ങൾ മാറുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം വെർച്ച്വൽ അറസ്റ്റ് വീണ്ടും സജീവമാകുന്നു. പൊതുജനങ്ങൾ ശ്രദ്ധിക്കുക. പരിചിതമല്ലാത്ത വാട്ട്സ് കോളുകൾ സ്വീകരിക്കാതെ കരുതലായിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.